പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ പൂട്ടി സീല്‍ ചെയ്തു.
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്റര്‍ സീല്‍ ചെയ്തത്. പിഎഫ്ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉള്‍പ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീല്‍ ചെയ്തു.
കോഴിക്കോട് മീഞ്ചന്തയിലെ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി സെന്റര്‍ കേന്ദ്രീകരിച്ച് പണമിടപാടുള്‍പ്പെടെ നടന്നെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ്കുകള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സീല്‍ ചെയ്യല്‍ നടപടിക്ക് എന്‍ഐഎ സംഘമെത്തിയത്. റവന്യൂ അധികൃതര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എന്‍ഐഎ സംഘം കെട്ടിടത്തില്‍ നോട്ടീസ് പതിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖകളുള്‍പ്പെടെ എന്‍എഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് ചക്കുംകടവിലുളള ക്യാംപസ് ഫ്രണ്ടിന്റെ സംസ്ഥാന സമിതി ഓഫീസിലും റവന്യൂ പൊലീസ് ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ച് സീല്‍ ചെയ്തു. ഓഫീസുകള്‍ കണ്ടുകെട്ടല്‍ നടപടിക്ക് കോഴിക്കോടാണ് തുടക്കമിട്ടത്.
പിഎഫ്ഐയുടെ കോഴിക്കോട്ടെ ശക്തി കേന്ദ്രങ്ങളായ വടകര, നാദാപുരം, തണ്ണീര്‍പന്തല്‍, കുറ്റ്യാടി എന്നിവിടങ്ങളിലെ ഓഫീസികളിലും അവരുടെ മറ്റ് ഓഫീസുകളിലും പൊലീസ് എത്തി നോട്ടീസ് പതിപ്പിച്ചു തിരുവനന്തപുരം മണക്കാട്, കൊല്ലം അഞ്ചല്‍, ഇടുക്കി തൂക്കുപാലം, കണ്ണൂര്‍ താണ എന്നിവിടങ്ങളിലെ ഓഫീസുകളും പൂട്ടിച്ചു. കാസര്‍കോട്, പന്തളം എന്നിവിടങ്ങളിലെ നടപടികള്‍ക്കും എന്‍ഐഎ സംഘം നേതൃത്വം നല്കി.ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി. ഇതിനായി ഹര്‍ത്താല്‍ ദിനത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചു. ദൃശ്യങ്ങളില്‍ തിരിച്ചറിയുന്നവര്‍ക്കെതിരെ നിയമനടപടികള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.
കാസര്‍കോട് പെരുമ്പളക്കടവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസും അടച്ചുപൂട്ടി. എന്‍ഐഎയുടെ നേതൃത്വത്തില്‍ കാസര്‍കോട് പൊലീസാണ് ഓഫീസ് അടച്ച് പൂട്ടി നോട്ടീസ് പതിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടവും സ്ഥലവും ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലുള്ളതാണ്. 22 വര്‍ഷമായി ട്രസ്റ്റ് കൈവശം വയ്ക്കുന്നതാണിത്. പ്രൊഫ.ജോസഫ് കൈവെട്ട് കേസിന്റെ ഘട്ടത്തില്‍ 2010 ല്‍ ഈ ഓഫീസില്‍ കേരള പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ മാസം രാജ്യവ്യാപക റെയ്ഡ് സമയത്ത് എന്‍ഐഎ സംഘം ഈ ഓഫീസില്‍ റെയ്ഡ് നടത്തി പതാകയും പുസ്തകവും അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. പോപ്പുല്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന പടന്നയിലെ തീരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടവും അടച്ച് പൂട്ടും.
പോപ്പുലര്‍ ഫ്രണ്ട് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസും പോലീസ് സീല്‍ ചെയ്തു. ചാവക്കാട് മണത്തല വില്ലേജിലുള്ള യൂണിറ്റി സെന്ററാണ് സീല്‍ ചെയ്തത്. ഇരുനിലക്കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവര്‍ത്തനം. സംഘടനയുടെ നിരോധനത്തിന് പിന്നാലെ ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിയും ബോര്‍ഡുകളും മാറ്റിയിരുന്നു. ഗുരുവായൂര്‍ സി പി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഓഫീസ് സീല്‍ ചെയ്തത്. ചാവക്കാട് തഹസില്‍ദാര്‍ രാജേഷും സ്ഥലത്തെത്തിയിരുന്നു.