സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തില്‍ കീഴ്‌വഴക്കം ലംഘിച്ച് സിപിഐ.

Spread the love

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തില്‍ കീഴ്‌വഴക്കം ലംഘിച്ച് സിപിഐ. പുത്തിരിക്കണ്ടത്തെ വിപുലമായ പൊതസമ്മേളനത്തെ കുറിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പരിപാടികളെ കുറിച്ചൊന്നും ഡി രാജയെ അറിയിച്ചില്ല. സമ്മേളനം നടക്കുമ്പോള്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ തനിച്ചിരുന്ന രാജ ഇതെക്കുറിച്ച് പ്രതിരിക്കാനും തയ്യാറായില്ല.
അതേസമയം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമര്‍ശനമുന്നയിച്ച സി ദിവാകരന്‍, കെ ഇ ഇസ്മയില്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സിപിഐ എക്‌സിക്യൂട്ടീവില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമങ്ങളോട് നടത്തിയ പരസ്യ പ്രതികരണങ്ങള്‍ ശരിയായില്ലെന്നായിരുന്നു എക്‌സിക്യൂട്ടീവിലെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണം. ഇത് പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കി. നേതാക്കളുടെ പ്രതികരണങ്ങളില്‍ പാകതക്കുറവുണ്ടായെന്നും എക്‌സിക്യൂട്ടീവില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിയിലെ ഐക്യം എല്ലാവരും ചേര്‍ന്ന് നിലനിര്‍ത്തണമന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നേതാക്കളുടെ പക്വത കുറവ് പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന പ്രതീതി ഉണ്ടാക്കിയെന്ന പൊതുവിലയിരുത്തലിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ പ്രതികരണത്തിലുണ്ടായത് സമവായ സ്വരമായിരുന്നു.
തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പ്രായ പരിധി നടപ്പാക്കിയാലും ഇല്ലെങ്കിലും പാര്‍ട്ടിയിലുണ്ടാകുമെന്നും കെ ഇ ഇസ്മയില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമോയെന്ന ചോദ്യത്തിന് കണിയാനോട് ചോദിക്കണമെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. അതേസമയം, പ്രായപരിധി കേന്ദ്ര തീരുമാനമാണെന്ന് നേരത്തെ വിമത സ്വരമുയര്‍ത്തിയ സി ദിവാകരനും പ്രതികരിച്ചു. നേതൃത്വത്തിന് ഏര്‍പ്പെടുത്തിയ 75 വയസ് പ്രായപരിധി നിര്‍ദ്ദേശം മാത്രമാണെന്ന ജനറല്‍ സെക്രട്ടറി ഡി രാജയുടെ നിലപാട് സമ്മേളന ചര്‍ച്ചകളില്‍ കാനം വിരുദ്ധ പക്ഷത്തിന് കരുത്താകും. സെക്രട്ടറി സ്ഥാനത്തേക്കുള്ള മൂന്നാം ഊഴത്തിന് മത്സരം അനിവാര്യമായേക്കുമെന്ന് കാനം അനുകൂലികള്‍ പോലും വിലയിരുത്തുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *