കാട്ടാക്കടയില്‍ അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്
തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്.ടി.സി. ഡിപ്പോയ്ക്കകത്തുവെച്ച് അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വെള്ളിയാഴ്ച വിധി പറയും. മകളുടെ മുന്നില്‍ അച്ഛനെ ക്രൂരമായി മര്‍ദിക്കുകയും അത് തടയാന്‍ ശ്രമിച്ച മകളെ മര്‍ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ അതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കി.
പ്രതികള്‍ക്കു മര്‍ദനമേറ്റയാളെ മുന്‍പരിചയം ഉള്ളതുകൊണ്ടാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മര്‍ദനമേറ്റയാള്‍ നിരന്തരം പരാതികള്‍ നല്കുന്ന ആളാണെന്നു വ്യക്തമായി പറഞ്ഞിട്ടുള്ളത്. പൊതുജനങ്ങളുടെയും സ്വന്തം പിതാവിന്റെയും മുന്നില്‍വെച്ച് മര്‍ദനമേറ്റ വിദ്യാര്‍ഥിനിയുടെ സ്ത്രീത്വം അപമാനിക്കപ്പെട്ടതായി പ്രോസിക്യൂഷന് വാദിച്ചു. സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോയിലെ പ്രതികളുടെ ശബ്ദവും ദൃശ്യങ്ങളും ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡില്‍ ചോദ്യംചെയ്യേണ്ടതുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
പെണ്‍കുട്ടിയുടെ പിതാവിനു മര്‍ദനമേറ്റിട്ടില്ലെന്നും ജീവനക്കാരോട് വഴക്കുണ്ടാക്കി അസഭ്യം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ വിശ്രമകേന്ദ്രത്തില്‍ പോലീസ് വരുംവരെ തടഞ്ഞുവയ്ക്കുകമാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു.
പെണ്‍കുട്ടിയുടെ പിതാവ് പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമം സ്ഥിരം ദുരുപയോഗം ചെയ്യുന്ന ആളാണെന്നും നിലവില്‍ 25ഓളം പരാതികള്‍ ഇതുവരെ നല്കിയിട്ടുള്ളതായും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീനും പ്രതികള്‍ക്കായി നെയ്യാറ്റിന്‍കര ആര്.അജയകുമാറും ഹാജരായി.
സെപ്റ്റംബര്‍ 20ന് 11.30മണിയോടെ ബിരുദവിദ്യാര്‍ഥിനിയായ മകളുടെ കണ്സെഷന് ടിക്കറ്റ് പുതുക്കാനെത്തിയ പിതാവിനും മകള്‍ക്കുമാണ് കെ.എസ്.ആര്.ടി.സി. ജീവനക്കാരായ പ്രതികളില്‍നിന്നു മര്‍ദനം ഏല്‍ക്കേണ്ടിവന്നത്.
കള്ളിക്കാട് മൈലക്കര മംഗല്യയില്‍ മിലന് ഡോറിച്ച്, ആറാമട തേരിഭാഗം പുലരിയില്‍ എസ്.ആര്.സുരേഷ് കുമാര്‍, കരകുളം കാച്ചാണി ശ്രീശൈലത്തില്‍ എന്‍.അനില്‍ കുമാര്‍, വീരണക്കാവ് പന്നിയോട് അജിഭവനില്‍ അജികുമാര്‍ എസ്., കുറ്റിച്ചല്‍ കല്ലോട് ദാറുള്‍ അമനില്‍ മുഹമ്മദ് ഷെരീഫ് എന്നീ അഞ്ച് പേരാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കിയ പ്രതികള്‍.