വിവാഹത്തിനു ക്ഷണിക്കാത്തതിന്റെ വിരോധത്തില്‍ വീടു കയറി ആക്രമണം നടത്തിയ 2 പേര്‍ അറസ്റ്റില്‍.
ഉടുമ്പന്‍ചോല: വിവാഹത്തിനു ക്ഷണിക്കാത്തതിന്റെ വിരോധത്തില്‍ വീടു കയറി ആക്രമണം നടത്തിയ 2 പേര്‍ അറസ്റ്റില്‍. കൈലാസം സ്വദേശി കല്ലാനിക്കല്‍ സേനന്റെ വീട്ടില്‍ അതിക്രമിച്ചു കയറി സേനന്റെ ഭാര്യ ലീലയെയും മകന്‍ അഖിലിനെയും ആക്രമിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ കൈലാസം മുളകുപാറയില്‍ മുരുകേശന്‍ (32), വിഷ്ണു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴം പുലര്‍ച്ചെ ഒന്നിനാണ് ആക്രമണം നടന്നത്. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം.
ഈ വിവാഹത്തിനു മുരുകേശനെയും വിഷ്ണുവിനെയും ക്ഷണിച്ചില്ലെന്ന കാരണത്താലാണ് അര്‍ധരാത്രിയില്‍ ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. സമീപവാസികളും സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിനു ക്ഷണിക്കാത്തതിന്റെ കാരണം ചോദിച്ചെത്തിയ സഹോദരങ്ങളായ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചു തകര്‍ത്തു. സേനന്‍ പക്ഷാഘാതം വന്നു കിടപ്പിലാണ്.
അഖിലിനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ലീല തടസ്സം പിടിക്കാനെത്തി. ഇതോടെ ലീലയ്ക്കും മര്‍ദനമേറ്റു. ലീലയെയും അഖിലിനെയും സമീപവാസികളാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പ്രതികളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഉടുമ്പന്‍ചോല എസ്എച്ച്ഒ അബ്ദുല്‍ ഖനി, എഎസ്‌ഐ ബെന്നി, സിപിഒ ടോണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.