ബിനോയി കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയിൽ ഒത്തുതീർപ്പായി.
“മുംബൈ ∙ ബിനോയി കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയിൽ ഒത്തുതീർപ്പായി. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി. ഒത്തുതീർപ്പു കരാറിൽ പറയുന്നത് ഈ തുകയാണെങ്കിലും അതിലേറെ കൊടുത്തെന്നു സൂചനയുണ്ട്.
‘യുവതിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല; കേസ് ഒത്തുതീർക്കാൻ യുവതിക്കും താൽപര്യമുണ്ടായിരുന്നു’
കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ കരാറിൽ എടുത്തുപറയുന്നില്ല. പണം നൽകിയ വിവരങ്ങൾ ബിനോയിയും ബോധിപ്പിച്ചു. തുടർന്ന്, ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ചയാണ് കേസ് തീർപ്പാക്കിയത്. എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. വർഷങ്ങളായി മുംബൈയിൽ താമസിക്കുകയാണിവർ. കുട്ടിയെ വളർത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി. വ്യാജക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹർജി നൽകിയപ്പോൾ ബോംബെ ഹൈക്കോടതി ഡിഎൻഎ പരിശോധനയ്ക്ക് നിർദേശിച്ചു.
ലോക്ഡൗണിനു ശേഷം കോടതിയുടെ പ്രവർത്തനം സാധാരണനിലയിലേക്ക് ആയപ്പോൾ ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ആവശ്യം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.