ഹയര്‍സെക്കന്‍ഡറി പാസാകുന്നവര്‍ക്ക് ലേണേഴ്സ് ഡ്രൈവിങ് ടെസ്റ്റ് ഒഴിവാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പാസാകുന്നവര്‍ക്ക് ലേണേഴ്സ് ഡ്രൈവിങ് ടെസ്റ്റ് ഒഴിവാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാര്‍ഥികളില്‍ റോഡുനിയമങ്ങളെക്കുറിച്ചും റോഡുമര്യാദകളെക്കുറിച്ചും അവബോധം വളര്‍ത്താന്‍ മോട്ടോര്‍വാഹനവകുപ്പ് തയ്യാറാക്കിയ ‘റോഡ് സുരക്ഷ’ പുസ്തകം മന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.
പുസ്തകത്തില്‍നിന്നുള്ള ഭാഗങ്ങള്‍ കരിക്കുലം കമ്മിറ്റി പരിശോധിച്ച് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തും. റോഡുമര്യാദകള്, അപകടങ്ങള്‍, ദുരന്തസാധ്യതകള്‍, വാഹനങ്ങള്‍, റോഡുകള്‍, റോഡ് ഉപയോക്താക്കളുടെ സ്വഭാവസവിശേഷതകള്‍, റോഡ് മാര്‍ക്കിങ്ങുകള്‍, റോഡ് ചിഹ്നങ്ങള്‍, സുരക്ഷാസംവിധാനങ്ങളും ശരിയായ ഉപയോഗവും, അപകടകരവും അശ്രദ്ധവുമായ ഡ്രൈവിങ് രീതികള്‍, കുട്ടികള്‍ വാഹനം ഓടിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വിവിധ ദുരന്തസാധ്യതകളും നിയമപ്രശ്നങ്ങളും, മോട്ടോര്‍ വാഹനരംഗത്തും ഗതാഗതരംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തരമാറ്റങ്ങളും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.