പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തി.

Spread the love

കൊച്ചി: ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്നുള്ള ഏകദേശ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമ്പോൾ ഇനി അതിനൊപ്പം എട്ട് സംഘടനകളും. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റീഹാബ് ഫൗണ്ടേഷൻ, ജൂനിയർ ഫ്രണ്ട്, ഓൾ ഇന്ത്യാ ഇമാം കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വുമൻ ഫ്രണ്ട് എന്നിവയെയാണ് നിരോധിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടന എസ് ഡി പി ഐയാണ്. ഈ സംഘടനയെ നിരോധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എസ് ഡി പി ഐയ്ക്ക് പ്രവർത്തനം തുടരാം. നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നിരോധനം. പോപ്പുലർ ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുമില്ല. തീവ്രവാദ സഹായത്തിനൊപ്പം രാഷ്ട്രീയ കൊലപാതകങ്ങളും നിരോധനത്തിന് കാരണമായി പറയുന്നു. 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

പത്തുകൊലപാതകങ്ങളും നിരോധനത്തിന് കാരണമായി വിശദീകരിക്കുന്നു. ഇതിൽ അഞ്ചും കേരളത്തിലെ കൊലപാതകങ്ങളാണ്. 2021ലെ സഞ്ജിത്തിന്റെ കൊല, അതേ വർഷം നടന്ന നന്ദു കൊലപാതകം, അഭിമന്യു കൊലയും ഇതിലുണ്ട്. 2017ൽ ബിപിൻ കൊലപാതകവും പട്ടികയിലുണ്ട്. തമിഴ്‌നാട്ടിലെ രാമലിംഗത്തെ കൊലയും കർണ്ണാടകയിലെ ശരതുകൊലയും പട്ടികയിലുണ്ട്. 2016ൽ കർണ്ണാടകയിലുണ്ടായ രുദ്രേഷ് കൊലയും പോപ്പുലർ ഫ്രണ്ടിനെതിരെ നിരത്തുന്നു. പ്രവീൺ പൂജാരി കൊലയും ശശി കുമാർ കൊലയും പ്രവീൺ നെട്ടാരു കൊലയും പോപ്പുലർ ഫ്രണ്ടിനെതിരെ ആരോപിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്നലെ രാത്രിയാണ് അസാധാരണ ഗസ്റ്റ് പുറത്തിറങ്ങിയത്. ഇതോടെ അഞ്ചു കൊല്ലത്തേക്ക് നിരോധനവും വന്നു. മുപ്പതു ദിവസത്തിനുള്ളിൽ ഈ ബന്ധപ്പെട്ട ജ്യുഡീഷ്യൽ ഫോറം പരിശോധിക്കും. ട്രിബ്യൂണൽ പോപ്പുലർ ഫ്രണ്ടിന്റെ വാദവും കേൾക്കും. അതിന് ശേഷമാകും പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.

അപകടകാരിയായ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ന് ഏഴ് സംസ്ഥാനങ്ങളിലെ പിഎഫ്‌ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഓപ്പറേഷൻ ഒക്ടോപ്പസിന്റെ ഭാഗമായുള്ള രണ്ടാംഘട്ട തെരച്ചിലാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടന്നത്. റെയ്ഡിൽ 170 ഓളം പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ആദ്യം നടന്ന എൻഐഎ റെയ്ഡിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് ആസുത്രണം ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വീണ്ടും റെയ്ഡ് ആരംഭിച്ചതെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.

കേരളമടക്കം 15 സംസ്ഥാനങ്ങളിലായിരുന്നു കേന്ദ്ര ഏജൻസികളായ എൻ.ഐ.എ, ഇ.ഡി എന്നിവരുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസികളും നേതാക്കളുടെ വീടുകളിലുമായി റെയ്ഡ് നടത്തിയത്. റെയ്ഡിൽ സംഘടനയുടെ ദേശീയ നേതാക്കളടക്കം അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.

പോപ്പുലര്‍ ഫ്രണ്ടും അതിന്‍റെ അനുബന്ധ സംഘടനകളും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍, രാജ്യത്തിന്‍റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളതെന്ന് ഉത്തരവില്‍ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ആഘാതം സൃഷ്ടിക്കുന്നതും രാജ്യത്തിന്‍റെ സുരക്ഷയെയും സാമുദായിക സൗഹാർദത്തെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പിഎഫ്ഐ ഏര്‍പ്പെട്ടു. പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണ്. കൂടാതെ പിഎഫ്ഐക്ക് ജമാത്ത് – ഉൽ – മുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ട്. ഇവ രണ്ടും നിരോധിത സംഘടനകളാണ്.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പിഎഫ്ഐയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്. രാജ്യത്ത് അരക്ഷിതാവസ്ഥ വളർത്താന്‍ പിഎഫ്ഐയും അനുബന്ധ സംഘടനകളും രഹസ്യമായി പ്രവര്‍ത്തനം നടത്തി. ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളിൽ ചേർന്നുവെന്ന വസ്തുത ഇത് തെളിയിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു.

കൂടാതെ, രാജ്യവ്യാപകമായി അക്രമപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തി, കേരളത്തില്‍ കോളജ് അധ്യാപകന്‍റെ കൈവെട്ടി മാറ്റി, സംഘടനയെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തി, ഭീകരപ്രവര്‍ത്തനത്തിന് നിയമവിരുദ്ധമായി പണം ശേഖരിച്ചു തുടങ്ങി കാരണങ്ങളും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *