ദമ്പതികൾ പൊന്നുപോലെ പരിചരിക്കുന്ന കെഎസ്ആർടിസി ബസിനെയും അടിച്ചുതകർത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ.
ആലപ്പുഴ: ദമ്പതികൾ പൊന്നുപോലെ പരിചരിക്കുന്ന കെഎസ്ആർടിസി ബസിനെയും അടിച്ചുതകർത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. ഇന്നലത്തെ ഹർത്താലിനിടെയാണ് ഗിരി ഗോപിനാഥനും ഭാര്യ താര ദാമോദരനും ജീവനക്കാരായുള്ള കെഎസ്ആർടിസി ബസും ആക്രമണത്തിന് ഇരയായത്. ഹർത്താൽ ദിവസം ദമ്പതിമാർക്ക് അവധിയായിരുന്നതിനാൽ ഗിരീഷും സന്തോഷും ചേർന്നാണ് ബസ് ഓടിച്ചത്.
ഹരിപ്പാട്ടുനിന്ന് ആലപ്പുഴയിലേക്കുള്ള ആദ്യ ട്രിപ്പിൽ വാഹനത്തിന്റെ ചില്ല് സമരാനുകൂലികൾ എറിഞ്ഞു തകർത്തു എന്നാണ് ഇവർ പറയുന്നത്. വാഹനത്തിൽ അധികം യാത്രക്കാരില്ലാതിരുന്നതിനാൽ അപകടങ്ങളൊന്നും പറ്റിയില്ല.
നീണ്ട 20 വർഷത്തെ പ്രണയത്തിനു ശേഷം ലോക്ഡൗൺ കാലത്ത് വിവാഹിതാരായ ദമ്പതിമാർ ജോലി ചെയ്യുന്ന കെഎൽ 15 9681 (എൽ 165) എന്ന ബസാണ് സമാരാനുകൂലികൾ തകർത്തത്.
ഇരുവരും ചേർന്ന് സിസിടിവി ക്യാമറ അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയ ബസ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഗിരി ഗോപിനാഥ് സ്വന്തം ചെലവിൽ അലങ്കരിച്ച് മ്യൂസിക് സിസ്റ്റം അടക്കമുള്ളവ സ്ഥാപിച്ച് സ്വന്തം വാഹനം പോലെയാണ് പരിചരിക്കുന്നത്. ഡ്യൂട്ടിയുള്ള ദിവസം രാവിലെ എത്തി ബസ് കഴുകി വൃത്തിയാക്കും. കൂടാതെ മറ്റു കെഎസ്ആർടിസി ബസുകളിൽനിന്ന് വ്യത്യസ്തമായി യാത്രക്കാർക്കായി ഏറെ സൗകര്യങ്ങളും ഒരുക്കിയിരുന്നു.