വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള ബാങ്കിന് വീഴ്ച്ച പറ്റിയെന്ന് റിപ്പോര്‍ട്ട്.
കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ശശിധരന്‍ ആചാരി നോട്ടീസില്‍ ഒപ്പിട്ട് നല്‍കിയത്. ഇതിനെ തുടര്‍ന്ന് ബോര്‍ഡ് സ്ഥാപിച്ചു. ഇതിലെല്ലാം ഉദ്യോഗസ്ഥ വീഴ്ച്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് വായ്പയെടുത്തയാള്‍ സംഭവ സ്ഥലത്ത് തന്നെയുണ്ടെങ്കില്‍ നോട്ടീസ് ഇയാള്‍ക്ക് കൈമാറി ഒപ്പിട്ട് വാങ്ങണമെന്ന ചട്ടം പാലിച്ചില്ല. സര്‍ഫാസി ആക്ട് പ്രകാരമാണ് മറ്റ് നടപടികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ അജിഭവനത്തില്‍ അജികുമാറിന്റെയും ശാലിനിയുടെയും മകള്‍ അഭിരാമി(20)യെയാണ് വീടിന് മുന്നില്‍ കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കിന്റെ പതാരം ശാഖയില്‍ നിന്ന് അജികുമാര്‍ 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീടു നിര്‍മാണത്തിനും കുടുംബത്തിലെ ചികിത്സാ ചെലവുകള്‍ മൂലമുണ്ടായ ബാധ്യതകള്‍ വീട്ടുന്നതിനുമായിരുന്നു അജികുമാര്‍ 2019ല്‍ വായ്പയെടുത്തത്. വിദേശത്തായിരുന്ന അജികുമാര്‍ കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.റിപ്പോര്‍ട്ട് ലഭിച്ചാല്‍ വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.