ഇരയും കുറ്റാരോപിതനും തമ്മില്‍ ഒത്തുതീര്‍പ്പായി എന്ന കാരണത്താല്‍ പോക്‌സോ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

Spread the love

ന്യൂഡല്‍ഹി: ഇരയും കുറ്റാരോപിതനും തമ്മില്‍ ഒത്തുതീര്‍പ്പായി എന്ന കാരണത്താല്‍ പോക്‌സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മുസ്ലിം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്‌സല്‍ റഹ്മാന് എതിരായ പോക്‌സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്‌സല്‍ റഹ്മാന് എതിരെ 2018 നവംബറിലാണ് പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 16 വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ഥിനികളെ സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയിലാണ് കേസ്. എന്നാല്‍ പ്രതിയുമായി ഒത്തുതീര്‍പ്പിലെത്തി എന്ന് വ്യക്തമാക്കി ഇരകളുടെ അച്ഛനും അമ്മയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു.
അച്ഛന്റെയും അമ്മയുടെയും സത്യവാങ്മൂലം പരിഗണിച്ച് പോക്‌സോ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ചൂണ്ടിക്കാട്ടി. പോക്‌സോ കേസുകളില്‍ പ്രതിയുമായി ഇരകള്‍ക്ക് ഒത്തുതീര്‍പ്പിലെത്താന്‍ കഴിയില്ലെന്നും ഇക്കാര്യം സുപ്രീം കോടതി തന്നെ മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഹൈക്കോടതിയില്‍ കേസ് നടന്നിരുന്ന സമയത്ത് കുട്ടികള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ഹഫ്‌സല്‍ റഹ്മാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചു. ഇപ്പോള്‍ പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍കുട്ടികളും തങ്ങള്‍ക്ക് പരാതിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒത്തുതീര്‍പ്പായി എന്ന കാരണത്താല്‍ പോക്‌സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, എന്നാല്‍ പ്രതിക്ക് കേസ് റദ്ദാക്കുന്നതിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്ന് പറഞ്ഞു. കേസ് മെറിറ്റില്‍ കേട്ട് ഹൈക്കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *