മാസ്‌ക് പരിശോധന:ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ മന്ത്രിസഭ

Spread the love

തിരുവനന്തപുരം: മാസ്‌ക് പരിശോധനയ്ക്കു നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്ന കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കും.
കോവിഡ് തടയുന്നതിനു മാസ്‌ക് ഉപയോഗിക്കണമെന്നു നിര്‍ദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ പോലും ജനങ്ങള്‍ ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കുന്നത്. ഓര്‍ഡിനന്‍സ് നിലവിലില്ലാത്തതിനാല്‍ ഇപ്പോള്‍ കാര്യമായ പൊലീസ് പരിശോധന ഇല്ല.
ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ കഴിഞ്ഞ ഒക്ടോബറില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു. പൊതുജനാഭിപ്രായം തേടുന്നതിനും മറ്റുമായി സിലക്ട് കമ്മിറ്റി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ ഫലത്തില്‍ സംസ്ഥാനത്ത് പൊതുജനാരോഗ്യ നിയമം ഇല്ലാത്ത സ്ഥിതിയാണ്.
ഈ ഓര്‍ഡിനന്‍സ് പുനര്‍വിളംബരം ചെയ്യാന്‍ മറ്റ് ഓര്‍ഡിനന്‍സുകള്‍ക്ക് ഒപ്പം നേരത്തെ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഓര്‍ഡിനന്‍സുകള്‍ ആവര്‍ത്തിച്ച് ഇറക്കുന്നതിന്റെ പേരില്‍ ഗവര്‍ണര്‍ ഒപ്പിടാതെ തിരിച്ചയച്ചവയുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *