റോഡിലെ ചളിവെള്ളത്തിൽ കുളിച്ച് എംഎൽഎയുടെ പ്രതിഷേധം.
റാഞ്ചി: റോഡിലെ ചളിവെള്ളത്തിൽ കുളിച്ച് എംഎൽഎയുടെ പ്രതിഷേധം. നേരത്തെ പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡ് തകർച്ചയ്ക്ക് ഒരു കുറവും ഉണ്ടാകാത്തതിനെ തുടർന്നാണ് വനിതാ എംഎൽഎയുടെ പ്രതിഷേധം. ജാർഖണ്ഡിലെ എംഎൽഎ ദീപിക പാണ്ഡെ സിങ്ങാണ് ദേശീയ പാത 133ന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ചളിവെള്ളത്തിൽ കുളിച്ചത്.
മഴ കാരണം ദേശീയപാതയിൽ വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്. ദീർഘകാലമായി റോഡിന്റെ അവസ്ഥ ദയനീയമാണ്. ഇതേതുടർന്ന് അപകടങ്ങൾ തുടർക്കഥയാണെന്നും എംഎൽഎ പറയുന്നു. നിരവധി തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ല.
അറ്റകുറ്റപ്പണി ആരംഭിക്കുന്നതുവരെ താൻ ഇവിടെതന്നെ ഇരിക്കുമെന്നും എംഎൽഎ പറഞ്ഞു. ഇക്കാര്യത്തിൽ ശാശ്വത പരിഹാരം വേണമെന്നതാണ് എംഎൽഎയുടെ ആവശ്യം.