ഫുഡ് ഡെലിവറിക്കിടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് നേരെ പീഡന ശ്രമം.
ഫുഡ് ഡെലിവറിക്കിടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് നേരെ പീഡന ശ്രമം. ഭക്ഷണം നല്‍കാനെത്തിയ ‘സൊമാറ്റോ’ കമ്പനിയുടെ ഡെലിവറി ബോയ് 19 കാരിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായത് മുതലെടുത്താണ് പീഡന ശ്രമം. പ്രതി റയീസ് ഷെയ്ഖിനെ(40) പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം.
യെവ്ലെവാഡി പ്രദേശത്തെ ഒരു ഫ്ലാറ്റില്‍ സെപ്റ്റംബര്‍ 17 ന് രാത്രി 9.30 ഓടെയാണ് സംഭവം. പാര്‍ട്ട്ടൈം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. അഞ്ചാം നിലയിലെ ഫ്ലാറ്റില്‍ റയീസ് പാഴ്സല്‍ എത്തിച്ചു. ശേഷം ദാഹം ശമിപ്പിക്കാന്‍ വെള്ളം നല്കാന് അഭ്യര്‍ത്ഥിച്ചു. വെള്ളം കുടിച്ച ശേഷം പ്രതി പെണ്‍കുട്ടിയുടെ കൈകളില്‍ ബലമായി പിടിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിനി തനിച്ചാണെന്ന് മനസിലാക്കിയ റയീസ് കുട്ടിയെ ചുംബിച്ചു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടി. ഇതിനിടെ കെട്ടിടം നിവാസികള്‍ റയീസിനെ പിടികൂടി. ഭയന്നുവിറച്ച പെണ്‍കുട്ടി വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസിനെ ബന്ധപ്പെടുകയും ചെയ്തു. സംഭവത്തില്‍ 19 കാരിയായ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 (സ്ത്രീയെ അപമാനിക്കല്‍), 354 (എ) (ലൈംഗിക പീഡനം) എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും കോണ്ട്വ പൊലീസ് അറിയിച്ചു. എന്നാല്‍ പ്രതിക്ക് പ്ലാറ്റ്ഫോമുമായി യാതൊരു ബന്ധവുമില്ലെന്ന് ‘സൊമാറ്റോ’ അറിയിച്ചു.