കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്കെതിരെ വിമര്‍ശനവുമായി. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി. ഷൈജു.
കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്കെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി. ഷൈജു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതിന് പിന്നാലെയാണ് കമ്മീഷണറെ വിമര്‍ശിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.
സമൂഹത്തിനകത്ത് എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ സര്‍ക്കാര്‍. എന്നാല്‍ കോഴിക്കോട്ടെ കമ്മിഷണര്‍ പ്രതികള്‍ക്ക് സ്വാഭാവികനീതി നിഷേധിക്കുന്ന സമീപനമാണ് ഈ കേസില്‍ സ്വീകരിച്ചിരിക്കുന്നത് പി.സി. ഷൈജു ആരോപിച്ചു.
പ്രതിയാണെന്ന് പോലീസ് പറയുന്നവരില്‍ ഒരാളുടെ ഭാര്യയെ പോലും പോലീസ് അപമാനിക്കുന്ന സമീപനം ഉണ്ടായി. മറ്റ് പല നിരപരാധികളുടേയും വീട്ടില്‍ പോലീസ് കയറി. ഇത്തരത്തില്‍ നിരപരാധികളെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ. നേതാക്കളുടെ ഭാര്യമാരും കുടുംബാംഗങ്ങളും തെരുവില്‍ വേട്ടയാടപ്പെടേണ്ടവരുമാണെന്ന പൊതുബോധത്തിലേക്കാണ് സിറ്റി പോലീസ് കമ്മിഷണര്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. കമ്മിഷണറുടേത് വ്യക്തിപരവും രാഷ്ട്രീയപരവുമായ താത്പര്യമാണ്. ഇതിനെതിരെ യുവജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും. ആഭ്യന്തരമന്ത്രിയ്ക്കും പരാതി നല്‍കുമെന്നും ഷൈജു പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരേയും കസ്റ്റഡിയില്‍ വിട്ടു. ഡി.വൈ.എഫ്.ഐ. നേതാവ് അരുണ്‍ ഉള്‍പ്പടെയുള്ളവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഞായാറാഴ്ച വൈകുന്നേരം വരെയാണ് കസ്റ്റഡി.