പാലായിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ
പാലാ കൊട്ടാരമറ്റത്ത് ബസ്സിനുള്ളിൽ പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്സിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയും അറസ്റ്റിൽ
പാലാ :പ്രണയം നടിച്ച് ബസ് സ്റ്റാൻഡിൽ വിളിച്ചു വരുത്തി നഗരത്തിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി, ഒളിവിലായിരുന്ന ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരനെ(30) യാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം.
പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസ് കണ്ടക്ടർ അഫ്സൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം മറ്റൊരു കണ്ടക്ടറായ വിഷ്ണുവും, ഡ്രൈവർ എബിനും അഫ്സലിന് ഒത്താശചെയ്ത് ബസ്സിൻ്റെ ഷട്ടർ താഴ്ത്തി പുറത്തുപോവുകയായിരുന്നു.
തുടർന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു പാലാ സി.കെ. കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസിനുള്ളിൽ നിന്നും പെൺകുട്ടിയെയും പ്രതി സംക്രാന്തി സ്വദേശി അഫ്സലിനെയും കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബി നെയും പോലീസ് സ്റ്റാൻഡിനുള്ളിൽനിന്നും പിടികൂടി. ഒന്നാം പ്രതി അഫ്സലും രണ്ടാം പ്രതി എബി നും ഇപ്പോൾ റിമാൻഡിൽ കഴിഞ്ഞു വരികയാണ്.
സംഭവദിവസം അഫ്സലിനെയും എബിനെയും പോലീസ് പിടികൂടിയതറിഞ്ഞ കണ്ടക്ടർ വിഷ്ണു സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു.തുടർന്ന് ഒളിവിൽ പോയ ഇയാൾ തിരുവനന്തപുരം, ആലപ്പുഴ എറണാകുളം, അങ്കമാലി, തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി ഏറ്റുമാനൂർ അമ്പലത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിച്ചുവരികയായിരുന്നു.
ഇന്ന് രാവിലെ എസ് ഐ അഭിലാഷ് എം ഡി,എ.എസ്.ഐ.മാരായ ബിജു വർഗീസ്, ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിപിഒ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് വിഷ്ണുവിനെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.