പുലിപ്പേടിയിൽ എയ്ഞ്ചൽവാലി വളർത്തുനായയെ ആക്രമിച്ചു കൊന്നു.

Spread the love

കണമല : കൂട്ടിൽ ചങ്ങലയിലായിരുന്ന വളർത്തുനായയെ പുലി പിടിച്ചു കൊണ്ടുപോയി കൊന്നതിന്റെ നടുക്കത്തിൽ നാട്ടുകാർ. പുലിയുടെ കാൽപ്പാടുകൾ വ്യക്തമായതോടെ വീടിന് സമീപം വനത്തിൽ രണ്ട് ക്യാമറകൾ വെച്ചു വനം വകുപ്പ്. പ്രദേശത്ത് പരിഭ്രാന്തി വ്യാപിച്ചിട്ടും ക്യാമറകൾ വെച്ചതിൽ നടപടികൾ ഒതുങ്ങിയെന്ന് ആക്ഷേപം.

പമ്പാവാലിയിൽ എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിന്റെ നൂറ് മീറ്റർ അകലെ മുരിപ്പേൽ കൊച്ചുമോൻ, ബിന്ദു ദമ്പതികൾ താമസിക്കുന്ന വീട്ടിൽ ഇക്കഴിഞ്ഞ 15 ന് വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വീടിന് മുന്നിൽ കൂട്ടിൽ തുടലിൽ ബന്ധിച്ചിരുന്ന വളർത്തു നായയ്ക്ക് ഭക്ഷണം നൽകിയ ശേഷം കൂടിന്റെ വെളിയിൽ ഇറക്കി വീണ്ടും തുടലിൽ ബന്ധിപ്പിച്ച ശേഷം ബിന്ദു വീടിനുള്ളിൽ പോയി അൽപ്പം കഴിഞ്ഞപ്പോഴാണ് മൽപ്പിടുത്തത്തിന്റെ ശബ്ദം കേട്ടതെന്ന് പറഞ്ഞു. മേസ്തിരി ജോലിക്കാരനായ ഭർത്താവ് കൊച്ചുമോൻ ഈ സമയം പണികൾ കഴിഞ്ഞ് എത്തിയിട്ടില്ലായിരുന്നു. ഭയം മൂലം അയൽപക്കത്തെ വീട്ടമ്മയെ വിളിച്ചു വരുത്തി സമീപത്ത് ടോർച്ച് ലൈറ്റ് പ്രകാശിപ്പിച്ചു നോക്കിയെങ്കിലും നായയെ കണ്ടില്ല. ഈ സമയം എത്തിയ ഭർത്താവ് കൊച്ചുമോൻ കൂട്ടിൽ ടോർച്ചടിച്ച് നോക്കിയപ്പോൾ നായ ഇല്ലായിരുന്നു. തുടലിലെ കൊളുത്ത് വേർപെടുത്തി അകറ്റിയ നിലയിൽ കണ്ടു. കൂട്ടിലും പുറത്തും രക്തതുള്ളികൾ കണ്ടു. തുടർന്ന് സമീപത്ത് വനത്തിന്റെ അതിർത്തിയിലെ സൗരോർജ വേലിയിലും ഇവിടേക്കുള്ള വഴിയിലും വനത്തിനുള്ളിലും രക്തപ്പാടുകൾ കണ്ടെത്തി.

അയൽവാസികളും നാട്ടുകാരും വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയതോടെ പുലിയുടേതിന് സാമ്യമായ കാൽപ്പാടുകൾ കണ്ടെത്തുകയായിരുന്നു. ഇന്നലെ വനപാലകർ എത്തി വനാതിർത്തിയിൽ രണ്ട് ക്യാമറകൾ സ്ഥാപിച്ചു. നായയെ കൊന്ന മൃഗം വീണ്ടും എത്താൻ സാധ്യത ഉണ്ടെന്ന നിഗമനത്തിൽ പുലി ആണെന്ന് ഉറപ്പാക്കാനും വേണ്ടിയാണ് ക്യാമറകൾ നിരീക്ഷണത്തിനായി വെച്ചതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കൂടാതെ വനപാലകരുടെ സ്‌ക്വാഡ് നിരീക്ഷണവും തെരച്ചിലും നടത്തുന്നുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്ത് വഴിവിളക്കുകളുടെ അഭാവം മൂലം രാത്രിയിൽ വെളിച്ചമില്ല. അടിയന്തിരമായി ഇവിടെ തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *