പ്ലസ് ടു പാസാകുന്നവർക്ക് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് ലൈസൻസും നൽകാൻ ​ഗതാ​ഗത വകുപ്പിന്റെ പദ്ധതി

Spread the love

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവർക്ക് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് ലൈസൻസും നൽകാൻ ​ഗതാ​ഗത വകുപ്പിന്റെ പദ്ധതി. ഹയർ സെക്കൻഡറി ക്ലാസുകളിൽ റോഡ്, ​ഗതാ​ഗത നിയമങ്ങൾ പാഠഭാ​ഗമാക്കാനും ആലോചനയുണ്ട്.

ഇതുമായി ബന്ധപ്പെട്ട കരിക്കുലം റിപ്പോർട്ട് ​ഗതാ​ഗത വകുപ്പ് അടുത്ത ആഴ്ച വിദ്യാഭ്യാസ വകുപ്പിന് കൈമാറും. സർക്കാർ അം​ഗീകരിച്ചാൽ നിയമത്തിൽ ഭേദ​ഗതി വരുത്താൻ കേന്ദ്രത്തെ സമീപിക്കും.

ഡ്രൈവിങ് പഠിക്കണമെങ്കിൽ ലേണേഴ്സ് ടെസ്റ്റ് എഴുതി വിജയിക്കണമെന്നാണ് നിലവിൽ നിയമം. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ലേണേഴ്സ് ലൈസൻസിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും. ​ഗതാ​ഗത കമ്മീഷണർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്.

ഈ മാസം 28ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു കരിക്കുലം റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറും. ​ഗതാ​ഗത വകുപ്പിന്റെ ശുപാർശ അം​ഗികരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രിയുമാണ്. ഹയർ സെക്കൻഡറിയിലെ ഏതു ക്ലാസിൽ ഏത് വിഷയത്തിൽ എങ്ങനെ വിഷയം ഉൾപ്പെടുത്താം എന്നതടക്കമുള്ള കാര്യങ്ങളിലും വിശദ ചർച്ചകൾ നടക്കേണ്ടതുണ്ട്.

പദ്ധതി നടപ്പായാൽ രണ്ട് നേട്ടങ്ങളാണ് വകുപ്പ് കാണുന്നത്. ലേണേഴ്സ് സർട്ടിഫിക്കറ്റ് നേടുന്നതിൽ നിലവിലെ ക്രമക്കേടുകൾ അവസാനിപ്പിക്കാം. റോഡ് നിയമങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കാനും പദ്ധതി ഉപകരിക്കും.

സർക്കാരിന്റെ അം​ഗീകാരം ലഭിച്ചാൽ കേന്ദ്ര വാഹന നിയമത്തിലടക്കം മാറ്റം വരുത്തണം. ഇതടക്കമുള്ള കാര്യങ്ങൾക്കായി കേന്ദ്ര ​സർക്കാരിനെ സമീപിക്കാനാണ് ​ഗതാ​ഗത വകുപ്പിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *