മൊബൈൽ ഫോൺ മോഷ്ടിച്ചതിന് കൗമാരക്കാരനെ ഒരുകൂട്ടം ആളുകൾ മർദിച്ച് കൊന്നു.
ബെൽറ്റുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചാണ് മർദിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇസ്ഹാറിന്റെ മുടി വെട്ടിമാറ്റിയിരുന്നു. ഷഹ്സാദ ബാഗിലെ റോഡിൽ മൃതദേഹം കിടക്കുന്നതായി സരായ് രോഹില്ല പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നെന്ന് വടക്കൻ ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സാഗർ സിങ് കൽസി പറഞ്ഞു. ശരീരത്തിൽ മർദനമേറ്റ ഒട്ടേറെ പാടുകളുണ്ടായിരുന്നു. ചുറ്റും വെട്ടിമാറ്റിയ മുടി ചിതറിക്കിടക്കുന്നുമുണ്ടായിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ ഇസ്ഹാർ ഫാക്ടറിയിൽ പ്രവേശിച്ച് ഒരു മൊബൈൽ ഫോൺ മോഷ്ടിച്ചതായി കണ്ടെത്തി. പിന്നീട്, ഗ്യാനി ഇയാളെ ഫാക്ടറിക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മറ്റുള്ളവരുമായി ചേർന്ന് മർദിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താനും മറ്റ് തൊഴിലാളികളും ചേർന്ന് മർദിച്ചതായി ഇയാൾ സമ്മതിച്ചു. മുടിമുറിക്കാൻ ഉപയോഗിച്ച കത്രിക ഫാക്ടറിയിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് കമ്മിഷണർ പറഞ്ഞു.