അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് മുതൽ വിചാരണ പുനരാരംഭിക്കും.
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് മുതൽ വിചാരണ പുനരാരംഭിക്കും. നാല് സാക്ഷികളെ വീതം ഓരോ ദിവസവും വിസ്തരിക്കാനാണ് തീരുമാനം.
വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയെങ്കിലും ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. ഇതിൽ അന്തിമ തീരുമാനം വന്നതിന് ശേഷം വിചാരണ മതിയെന്ന് കോടതി തീരുമാനിച്ചാൽ കേസ് ഇനിയും വൈകും.
നേരത്തെ ഓഗസ്റ്റ് 31നകം വിചാരണ പൂർത്തിയാക്കണം എന്നായിരുന്നു നിർദേശം. എന്നാൽ, പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതോടെ, വിചാരണ നീളുകയായിരുന്നു.
പ്രതികൾ നേരിട്ടും, ഇടനിലക്കാരൻ മുഖേനെയും സാക്ഷികളെ സ്വാധീനിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കേസിൽ ഇതുവരെ 13 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. ആകെ 122 സാക്ഷികളാണ് മധു കേസിലുളളത്.