പേവിഷബാധയെത്തുടര്‍ന്ന് മരിച്ച 12 വയസ്സുകാരി അഭിരാമിയെ കടിച്ചത് വളർത്തു നായയെന്ന് സംശയം.

Spread the love

പത്തനംതിട്ട: പേവിഷബാധയെത്തുടര്‍ന്ന് മരിച്ച 12 വയസ്സുകാരി അഭിരാമിയെ കടിച്ചത് വളർത്തു നായയെന്ന് സംശയം. ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ് കുട്ടിയെ കടിച്ചതെന്ന് അമ്മ രജനി പറഞ്ഞു. നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. കടിയേറ്റ കുട്ടിയെയും കൊണ്ട് ചെല്ലുമ്പോള്‍ പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.

അവിടെ വെച്ച് കുട്ടിയുടെ മുറിവ് കഴുകാന്‍ നഴ്‌സ് ആവശ്യപ്പെട്ടു. സോപ്പു വാങ്ങിക്കൊണ്ടുവന്ന് മുറിവ് കഴുകിയത് അച്ഛനാണ്. മുറിവിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നും അമ്മ കുറ്റപ്പെടുത്തി. നാലു മണിക്കൂറിനകം തങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് ഡോക്ടര്‍ പറയുന്നത്. കണ്ണിന് സമീപം ഇത്രയും വലിയ മുറിവുണ്ടായപ്പോള്‍ ഇന്‍ഫെക്ഷനുണ്ടാകുമെന്ന് കണക്കുകൂട്ടി വേറെ ആശുപത്രിയിലേക്ക് വിടുകയെങ്കിലും ചെയ്യേണ്ടതല്ലേയെന്ന് രജനി ചോദിക്കുന്നു.

ആരുടെയോ വീട്ടില്‍ വളര്‍ത്തിയ നായ പേ വിഷബാധ സംശയിച്ച് ഇറക്കി വിട്ടതായിരിക്കാമെന്ന് രജനി പറഞ്ഞു. അല്ലാതെ ജെര്‍മന്‍ ഷെപ്പേഡ് നായ തെരുവില്‍ അലഞ്ഞുനടക്കാനിടയില്ലല്ലോയെന്നും രജനി ചോദിച്ചു. രണ്ടുദിവസമാണ് കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചത്. ആ സമയത്ത് കണ്ണിന്റെ ഭാഗത്തുള്ള പരിക്കിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജിലേക്കോ, മറ്റേതെങ്കിലും വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിലേക്കോ മാറ്റിയിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

കുട്ടിക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്നും ഏതാനും ദിവസത്തിനകം മുറിവ് ഉണങ്ങുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടുദിവസത്തിനുശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്ക് വിട്ടു. പിന്നീട് 18 ദിവസത്തിന് ശേഷം വെള്ളിയാഴ്ചയോടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയും, അബോധാവസ്ഥയിലാകുകയും ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതെന്നും ബന്ധുക്കള്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ വൈറസ് ബാധ തലച്ചോറിനെ ബാധിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും നില ഗുരുതരമാണെന്നും ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *