സ്വന്തം മകളേക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ മകളുടെ സഹപാഠിയെ അമ്മ കൊലപ്പെടുത്തി.
രാജ്യത്തെ തന്നെ നടുക്കിയ സംഭവമാണ് ഇന്നലെ പുതുച്ചേരിയിൽ അരങ്ങേറിയത്. സ്വന്തം മകളേക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ മകളുടെ സഹപാഠിയെ അമ്മ കൊലപ്പെടുത്തിയ സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. എട്ടാം ക്ലാസുകാരനെയാണ് ജ്യൂസിൽ വിഷം കലർത്തി സഹപാഠിയുടെ അമ്മ ദാരുണമായി കൊലപ്പെടുത്തിയത്. പുതുച്ചേരി കാരയ്ക്കലിലാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കിയ സംഭവം നടന്നത്.
കാരയ്ക്കൽ സിറ്റിയിൽ രാജേന്ദ്രന്റെയും മാലതിയുടെയും രണ്ടാമത്തെ മകനായ ബാലമണികണ്ഠനാണ് (13) സഹപാഠിയുടെ സ്ത്രീയുടെ അസൂയ മൂലം ജീവൻ നഷ്ടമായത്. വിഷം ഉള്ളിൽച്ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാല ശനിയാഴ്ചയാണ് മരിച്ചത്. ബാലമണികണ്ഠന് വിഷം നൽകിയ സഹപാഠിയുടെ അമ്മ ജെ. വിക്ടോറിയ സഹായറാണിയെ (42) പൊലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ആശുപത്രിയിലെത്തിച്ച ശേഷവും നന്നായി സംസാരിച്ച കുട്ടി പൊടുന്നനെ മരിച്ചത് ചികിത്സാപ്പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും നാഗപട്ടണം – ചെന്നൈ റോഡ് ഉപരോധിച്ചിരുന്നു.
കാരയ്ക്കലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബാല. ക്ലാസിൽ ഒന്നാമനും പാഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കനുമായിരുന്നു കുട്ടി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വാർഷികാഘോഷം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ബാല ഛർദ്ദിച്ച് അവശനാകുകയായിരുന്നു. പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും കുട്ടി മരണപ്പെടുകയുമായിരുന്നു. ബാലമണികണ്ഠൻ്റെ ദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് എലിവിഷം കലർത്തിയ ശീതളപാനീയം കുടിച്ചാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചത്. നേരത്തെ സ്കൂളിൽവച്ച് സെക്യൂരിറ്റി ജീവനക്കാരൻ ജ്യൂസ് നൽകിയെന്ന് കുട്ടി വ്യക്തമാക്കിയിരുന്നു. തുടർന്ന് സെക്യുരിറ്റി ജീവനക്കാരനെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
ബാലയുടെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ നൽകിയ ജ്യൂസ് ബോട്ടിലുകൾ അവരുടെ നിർദേശിച്ചതനുസരിച്ച് കുട്ടിക്ക് കൊടുത്തുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ വെളിപ്പെടുത്തി. സ്കൂളിലെ സിസി ടിവി ദൃശ്യങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരന് സഹായറാണി ജ്യൂസ് കൈമാറുന്നതും വ്യക്തമായിരുന്നു. ഇതേത്തുടർന്ന് സഹായറാണിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബാലമണികണ്ഠൻ കൂടുതൽ മാർക്ക് വാങ്ങിയതുകൊണ്ടാണ് തൻ്റെ മകൾ ക്ലാസിൽ രണ്ടാം സ്ഥാനത്തായതെന്നും അതിൻ്റെ വൈരാഗ്യം കാരണമാണ് കുട്ടിക്ക് വിഷം നൽകിയതെന്നും സഹായറാണി പൊലീസിന് മൊഴി നൽകുകയായിരുന്നു.
സ്കൂൾ വാർഷിക പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ബാലയെ തടയുകയായിരുന്നു ലക്ഷ്യമെന്നും സഹായറാണി വെളിപ്പെടുത്തി. ഇതിനായി നാട്ടുവൈദ്യശാലയിൽ നിന്ന് വാങ്ങിയ ഗുളിക പൊടിച്ചു കലർത്തിയ ജ്യൂസ് കുട്ടിക്ക് നൽകാൻ സെക്യൂരിറ്റിയെ ഏല്പിച്ചതായും അവർ പറഞ്ഞു. പുതുച്ചേരി ഗതാഗത മന്ത്രി ചന്ദ്രപ്രിയങ്ക വിദ്യാർത്ഥിയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചിരുന്നു.
കാരയ്ക്കൽ ഗവ.ആശുപത്രിയിൽ പാലാമണികണ്ഠന് ഡോക്ടർമാർ ശരിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് വിദ്യാർഥിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയി അടിച്ചു തകർത്തു. കൂടാതെ ആശുപത്രിയുടെ അനാസ്ഥ മൂലമാണ് ബാലാമണികണ്ഠൻ മരിച്ചതെന്നാരോപിച്ച് ബന്ധുക്കളും പൊതുജനങ്ങളും ചെന്നൈ – നാഗൈ ദേശീയപാതയിൽ എട്ട് മണിക്കൂറിലേറെ പ്രതിഷേധം നടത്തി. ശരിയായ അന്വേഷണം നടത്തണം. കുറ്റവാളികളെ ഉചിതമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. കാരയ്ക്കൽ ജില്ലാ ഡെപ്യൂട്ടി കളക്ടർ ആദർശ് ബന്ധുക്കളുമായി ചർച്ച നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് റോഡ് ഉപരോധം മതിയാക്കിയത്. അതിനു പിന്നാലെയാണ് മരണത്തിനു പിന്നിലെ യാഥാർത്ഥ്യം പുറത്തു വന്നതും.