കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന്.
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കെഎസ്ആർടിസി ജൂലൈ മാസത്തെ മുടങ്ങിക്കിടക്കുന്ന ശമ്പളത്തിന്റെ 75 ശതമാനം ജീവനക്കാർക്ക് ഇന്ന് (തിങ്കളാഴ്ച) വിതരണം ചെയ്തു. 24,477 സ്ഥിരം ജീവനക്കാർക്കാണ് ജൂലൈ മാസത്തെ 75% ശമ്പളവും നൽകിയത്. രണ്ട് മാസത്തിലേറെയായി കുടിശ്ശികയായ ശമ്പളം കൊണ്ട് ദൈനംദിന ചെലവുകൾക്കായി കഷ്ടപ്പെടുകയാണ് കാല് ലക്ഷം കെഎസ്ആർടിസി ജീവനക്കാരും അവരുടെ കുടുംബങ്ങളും.
അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ് ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ചത്. ഇതിൽ ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്. 838 CLR ജീവനക്കാർക്ക് നേരത്തെ തന്നെ ജൂലൈ മാസത്തെ ശമ്പളം നൽകിയിരുന്നു.
ഇന്നത്തെ ചർച്ചയിൽ ശുഭപ്രതീക്ഷയെന്ന് ബിഎംഎസ് അറിയിച്ചു.ഇന്ന് രാവിലെ 10.30ക്കാണ് ചർച്ച. മുഖ്യമന്ത്രി നേരിട്ടാണ് യൂണിയനുകളുമായി ചർച്ച നടത്തുന്നത്. കഴിഞ്ഞ മൂന്ന് തവണ മന്ത്രിതല ചർച്ച നടത്തിയെങ്കിലും അതിലൊന്നും തീരുമാനമായിരുന്നില്ല. അതോടുകൂടിയാണ് ശമ്പള വിതരണം മുടങ്ങിയതും. ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം ജീവനക്കാർക്ക് നൽകിയിരുന്നില്ല.