വിലക്കയറ്റത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍.

Spread the love

ഇടുക്കി: വിലക്കയറ്റത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍. സര്‍ക്കാ‍ര്‍ അനുവദിച്ചു നൽകുന്ന തുച്ഛമായ തുക കൊണ്ട് കുട്ടികൾക്ക് ഉച്ച ഭക്ഷണം നല്‍കാൻ കഴിയാതെ വലയുകയാണ് സ്കൂൾ അധികൃതർ. കടം പെരുകിയതോടെ സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ താമസിയാതെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് സ്കൂളില്‍ നിന്നുളള ഉച്ച ഭക്ഷണം മുടങ്ങും എന്ന അവസ്ഥയാണ് നിലവിലുള്ളത്.

ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും. ഓരോ ദിവസവും വ്യത്യസ്തവും പോഷക സമൃദ്ധവുമായ രണ്ടു കറികളെങ്കിലും കൂട്ടി ഊണ്. ഈ മെനു അനുസരിച്ച്‌ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അനുവദിക്കുന്നതോ, ഒരാള്‍ക്ക് പരമാവധി എട്ടു രൂപ. കുട്ടികളുടെ എണ്ണം കൂടിയാല്‍ ഇതും ഏഴും ആറുമായി കുറയും. ആഴ്ചയില്‍ ഒരു കുട്ടിക്ക് കിട്ടുന്ന നാല്‍പ്പതു രൂപയില്‍ പാലിനും മുട്ടക്കും മാത്രം 24 രൂപ ചെവലാകും. ബാക്കി പതിനാറു രൂപ വച്ചാണ് അഞ്ചു ദിവസം കറികളുണ്ടാക്കേണ്ടത്. ഗ്യാസിനും സാധനങ്ങളെത്തിക്കാനുള്ള ചെലവും കഴിഞ്ഞാല്‍ ബാക്കിയുള്ളത് ഒരാഴ്ടത്തേക്ക് രണ്ടു രൂപ. 2016 ല്‍ നിശ്ചയിച്ചതാണ് ഈ തുക. ഇതിനു ശേഷം സാധനങ്ങള്‍ക്കും ഗ്യാസിനുമൊക്കെയ വില ഇരട്ടിയോളമായി. ആനുപാതികമായി തുക കൂട്ടണമെന്ന് മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിരവധി തവണ നിവേദനം നല്‍കി. നിയമ സഭയിലുംഅവതരിപ്പിച്ചു. എന്നാലിവരെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.

സ‍ര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കാന്‍ വൈകിയാല്‍ സംസ്ഥാനത്തെ 12,200 ല്‍ പരം സ്‌കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് നല്‍കുന്ന ഉച്ചഭക്ഷണം കിട്ടാതാകും. അധിക തുകക്കായി പൊതുജനങ്ങളില്‍ നിന്നും പിരിവെടുക്കണം എന്നാണ് അനൗദ്യോഗിക നി‍ര്‍ദ്ദേശം. കഞ്ഞിക്കു വകയില്ലാത്ത പാവപ്പെട്ട രക്ഷകര്‍ത്താക്കളില്‍ നിന്നും എങ്ങനെ പിരിവെടുക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പ്രധാന അധ്യാപകര്‍.

Leave a Reply

Your email address will not be published. Required fields are marked *