സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ മധ്യ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. തമിഴ്നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടൽവരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുമാണ് മഴയ്ക്ക് കാരണം.