ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 65.81 ലക്ഷം രൂപയുടെ സ്വർണ്ണവും 51.10 ലക്ഷം രൂപയുടെ വിദേശ കറൻസിയും കടത്താൻ ശ്രമിച്ച 3 പേർ അറസ്റ്റിൽ.
മലപ്പുറം: പാന്റ്സിനുള്ളിലും സ്റ്റീമറിലുമായി അനധികൃതമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 65.81 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ടുപേരെയും 51.10 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമിച്ച ഒരാളെയും കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. സ്റ്റീമറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25.81 ലക്ഷം രൂപ വിലമതിക്കുന്ന 497 ഗ്രാം സ്വർണ്ണവുമായി ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അബൂബക്കർ സിദ്ദീഖാണ് അറസ്റ്റിലായത്. കുടുംബത്തോടൊപ്പമാണ് ഇയാൾ കരിപ്പൂരിൽ വിമാനമിറങ്ങാതിയത്. സംശയം തോന്നിയതിനെ തുടർന്ന് ലഗേജ് വീണ്ടും പുനഃപരിശോധിച്ചപ്പോഴാണ് സ്റ്റീമറിന് പതിവിനേക്കാൾ കനം കൂടുതലുള്ളതായി കണ്ടെത്തിയതും പരിശോധന വിധേയമാക്കിയതും.
വെള്ളിയാഴ്ച പുലർച്ചെ 3.50ന് ഷാർജ്ജയിൽ നിന്നെത്തിയ കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസാണ് പാന്റിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 899 ഗ്രാം വരുന്ന സ്വർണ്ണമിശ്രിതത്തിന് 40 ലക്ഷം രൂപയോളം വില വരും.
ദുബായിൽ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാനിൽ നിന്ന് 51,10,361 രൂപയുടെ വിദേശ കറൻസികൾ പിടികൂടി. രഹസ്യ വിവരത്തെ തുടർന്നാണ് വിമാനത്താവളത്തിലെ പരിശോധനയിൽ ഇയാൾ പിടിയിലായത്. 16.08 ലക്ഷം രൂപ വില വരുന്ന സൗദി റിയാൽ, 15.50 ലക്ഷം രൂപയുടെ ഒമാൻ റിയാൽ, 12.38 ലക്ഷത്തിന്റെ യു.എ.ഇ ദിർഹം, 2.98 ലക്ഷത്തിന്റെ ബഹറൈൻ ദിനാർ, 1.46 ലക്ഷം രൂപയുടെ ആസ്ട്രേലിയൻ ഡോളർ, 2.32 ലക്ഷം രൂപയുടെ ബ്രിട്ടൺ പൗണ്ട്, 35,481 രൂപയുടെ കുവൈത്ത് ദിനാർ എന്നിവയാണ് പിടികൂടിയത്.