കൊല്ലത്ത് പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ നിന്ന് രണ്ട് തലയോട്ടികൾ കണ്ടെത്തി.
കൊല്ലത്ത് പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ നിന്ന് കവറിൽ പൊതിഞ്ഞ നിലയിലുള്ള രണ്ട് തലയോട്ടികൾ കണ്ടെത്തി. ശക്തികുളങ്ങരയിലാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ് തലയോട്ടികൾ ആദ്യം കണ്ടത്.
കവറിനുള്ളിൽ തലയോട്ടികളാണെന്ന് വ്യക്തമായതോടെ ശുചീകരണ തൊഴിലാളികൾ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ തലയോട്ടികൾ ഏറെ പഴക്കം ചെന്നവയാണെന്ന് കണ്ടെത്തി.
തലയോട്ടികൾ പൊതിഞ്ഞിരുന്ന കവറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൂടുതൽ പരിശോധനയ്ക്കായി രണ്ട് തലയോട്ടികളും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ അന്വേഷണത്തിന് ശേഷമേ വിശദ വിവരങ്ങൾ അറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.