ഓട്ടോറിക്ഷയിൽ കാറിടിച്ചു; ഈരാറ്റുപേട്ട സ്വദേശിനി മരിച്ചു
ഏറ്റുമാനൂർ പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ചു; ഈരാറ്റുപേട്ട സ്വദേശിയായ യുവതിയ്ക്കു ദാരുണാന്ത്യം; ഭർത്താവടക്കം മൂന്നു പേർക്ക് പരിക്ക്
കോട്ടയം: ഏറ്റുമാനൂർ – പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് യുവതിയ്ക്കു ദാരുണാന്ത്യം. ഈരാറ്റുപേട്ട അരുവിത്തുറ ഊഴേടത്തിൽ ഫൗസിയയാണ് (39) മരിച്ചത്. അപകടത്തിൽ നിസാര പരിക്കേറ്റ ഇവരുടെ ഭർത്താവ് ഷെറീഫ്, ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ മുഹമ്മദ് സാലി (57), കാർ ഡ്രൈവർ പാലാ സ്വദേശി ഷെറിൻ(30) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെറിനെയും, മുഹമ്മദ് സാലിയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മരിച്ച ഫൗസിയയുടെ മൃതദേഹം കിടങ്ങൂർ എൽ.എൽ.എം ആശുപത്രി മോർച്ചറിയിൽ. ഇവരുടെ ഭർത്താവ് ഷെറീഫിന് ഇതേ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി.
ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ഈരാറ്റുപേട്ടയിൽ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്കു വരികയായിരുന്നു സംഘം. ഈ സമയം ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ കാർ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടമായി മറിഞ്ഞു. ഓട്ടോയുടെ പിൻ സീറ്റിലിരുന്ന ഫൗസിയയെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കിടങ്ങൂർ എൽ.എൽ.എം ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. എന്നാൽ, ഇവരുടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.