സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പായിട്ടും വൈദ്യുതി എത്താത്ത ഊരുകൾ

Spread the love

പാലക്കാട്:    സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പായിട്ടും വൈദ്യുതി എത്താത്ത ഊരുകൾ ഇന്നുമുണ്ട് അട്ടപ്പാടിയില്‍. പ്രാഥമിക പരിഹാരം എന്ന നിലയിൽ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആറോളം ഊരുകള്‍ ഇന്നും ഇരുട്ടിലാണ്.

കേരളമെന്ന് അഭിമാനിക്കാന്‍ തുടങ്ങിയിട്ട് ആറര പതിറ്റാണ്ടായ നാട്ടിലാണ് അട്ടപ്പാടിക്കാര്‍ ഇന്നും കൊടിയ ദുരിതം അനുഭവിച്ച് ജീവിക്കുന്നത്. ഈ കാലയളവിലെല്ലാം ആദിവാസി ജനതയുടെ ക്ഷേമത്തിനായി അനുവദിച്ചതും വിനിയോഗിച്ചതുമെല്ലാം കോടിക്കണക്കിന് രൂപയാണ്. വെള്ളവും വെളിച്ചവുമെത്താത്ത ഊരുകള്‍ ഇന്നുമുണ്ട് അട്ടപ്പാടിയില്  ഊരുകളില്‍ സര്‍ക്കാര്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചെങ്കിലും ഭൂരിഭാഗം വിളക്കുകളും കത്തുന്നില്ല. രാത്രിയായാല്‍ മണ്ണെണ്ണ വിളക്കാണ് ഏക ആശ്രയം. വനംവകുപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് ഈ ജനതയ്ക്ക് റോഡും വൈദ്യുതിയുമെല്ലാം അന്യമാക്കുന്നത്. ഭൂഗര്‍ഭ കേബിള്‍ സംവിധാനം ആലോചിച്ചെങ്കിലും അതെങ്ങുമെത്തിയില്ല. വനാര്‍തിര്‍ത്തിയോട് ചേര്‍ന്നുള്ള ഊരുകളിലുള്ളവര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഉറവകളെയാണ്. അട്ടപ്പാടിയിലെ കുടിവെള്ള പ്രശ്‌നത്തിനുള്ള പരിഹാരം ഉടനുണ്ടാകുമെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ പറയുന്നു.

‘പുതിയ കുടിവെള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. അതിനായി കിണര്‍, ടാങ്ക് മുതലായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്ധതി വിഭാവനം ചെയ്യുന്ന രീതിയില്‍ പൂര്‍ത്തിയാകുമ്പോഴേക്ക് കാവുണ്ടിക്കല്‍ പ്രദേശത്ത് നിന്ന് ഭവാനിപ്പുഴയില്‍ നിന്നെടുത്ത് നൂറോളം ഏരിയകളില്‍ ശുദ്ധജലമെത്തിക്കാനും സാധിക്കും’. എംഎല്‍എ പറഞ്ഞു.

 

 

അട്ടപ്പാടിയിലെ 9 ഊരുകള്‍ക്ക് ശൗചാലയങ്ങളുമില്ല. 380 കുടുംബങ്ങളിലായി അറുപതോളം കൗമാരക്കാരികളുമുണ്ട് ഇവിടെ. പ്രാഥമിക ആവശ്യങ്ങള്‍ക്കായി വനത്തിനെയാണ് ഈ പെണ്‍കുട്ടികള്‍ ആശ്രയിക്കുന്നത്. വഴിയും വെള്ളവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അട്ടപ്പാടിക്ക് അന്യമാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം.

Leave a Reply

Your email address will not be published. Required fields are marked *