തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് ഒഴിപ്പിക്കുന്നതിന് ‘പ്ലാൻ ബി’ യുമായി നഗരസഭാ അധികൃതർ.
കോട്ടയം: ആദ്യശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് ഒഴിപ്പിക്കുന്നതിന് ‘പ്ലാൻ ബി’ യുമായി നഗരസഭാ അധികൃതർ. കെട്ടിടം വേലികെട്ടി തിരിച്ച് ബോർഡ് സ്ഥാപിക്കാനാവും ഇത്തവണ ശ്രമിക്കുക. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കൂടാതെ ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നഗരസഭാ സെക്രട്ടറി ഇൻ ചാർജ് അനില അന്ന വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കൽ നടപടിക്ക് എത്തുന്നത്. ഇതേസമയം വ്യാപാരികൾ നൽകിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നത് വരെ നടപടി നിർത്തി വയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ വ്യാപാരികൾക്ക് സ്റ്റേ ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതി വിധിയുമായി മുന്നോട്ടുപോകാമെന്നാണ് നഗരസഭയ്ക്ക് ലഭിച്ച നിയമോപദേശം. കോടതിയലക്ഷ്യത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു കടയെങ്കിലും പൂട്ടി, ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നുവെന്നു കോടതിയെ ബോധിപ്പിക്കുവാനാണ് നഗരസഭാ നീക്കം. അതേസമയം ശക്തമായി പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
ബലക്ഷയം ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. 52 കടകളാണു തിരുനക്കര ഷോപ്പിങ് കോംപ്ലക്സിലുള്ളത്. കട ഒഴിയണമെന്ന് കാട്ടി നഗരസഭ നൽകിയ 10 ദിവസത്തെ നോട്ടിസ് കാലാവധി 7ന് അവസാനിച്ചിരുന്നു. 10നാണ് ആദ്യ ഒഴിപ്പിക്കൽ ശ്രമം നടത്തിയത്. ബല പ്രയോഗത്തിനു മുതിരാതെ ഉത്തരവ് നടപ്പിലാക്കാനാവും ശ്രമം.
രാവിലെ 10നു ഷോപ്പിങ് കോംപ്ലക്സിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും. പ്രധാന കവാടങ്ങളിലെല്ലാം പൊലീസ് നിലയുറപ്പിക്കും. നഗരത്തിൽ തിരക്കു വരുന്നതിന് മുൻപു നടപടി പൂർത്തിയാക്കാനാണു നീക്കം. 40 അംഗ ഉദ്യോഗസ്ഥ സംഘം പൊലീസിനൊപ്പം 10.30ന് തിരുനക്കര ഷോപ്പിങ് കോംപ്ലക്സിൽ എത്തും. എതിർപ്പുണ്ടായാലും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോകും.പ്രതിഷേധം കനത്താൽ ഉദ്യോഗസ്ഥർ 2 സംഘമായി തിരിഞ്ഞ് സമുച്ചയത്തിനു ചുറ്റും വേലി സ്ഥാപിച്ച് ബോർഡ് സ്ഥാപിക്കും.
എംസിറോഡ്,കെകെ റോഡ് ഭാഗങ്ങളിൽ നിന്നുവരുന്ന ബസുകൾ തിരുനക്കര സ്റ്റാൻഡിൽ പ്രവേശിക്കാതെ പോസ്റ്റ് ഓഫിസ് റോഡിലൂടെ ശീമാട്ടി റൗണ്ടിലെത്തി ശാസ്ത്രി റോഡിൽ ആളെയിറക്കി കുര്യൻ ഉതുപ്പ് റോഡ് വഴി പോകണം.