കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജനെ വിജിലൻസ് സംഘം പിടികൂടി.
കോട്ടയം: ഹർണ്യ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജനെ വിജിലൻസ് സംഘം പിടികൂടി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ.സുജിത്കുമാറിനെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തിന്റെ വസതിയ്ക്കു സമീപത്തെ കൺസൾട്ടിംങ് മുറിയിൽ നിന്നും വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
സ്വാതന്ത്ര്യദിനത്തിലാണ് ഹർണ്യ ഓപ്പറേഷനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടിൽ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടർ കൈക്കൂലിയായി കൈപ്പറ്റി. തുടർന്ന്, 20 ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം ഡോക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് രോഗിയുടെ മകൻ വിജിലൻസ് എസ്.പി വിജി വിനോദ്കുമാറിന് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.
തുടർന്നു, വിജിലൻസ് റേഞ്ച് ഡിവൈഎസ്പി പി.വി മനോജ്കുമാറും സംഘവും ചേർന്നാണ് ഡോക്ടറെ പിടികൂടിയത്. മുൻപും ഡോക്ടർക്കെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡോക്ടറുടെല കൺസൾട്ടേഷൻ മുറിയിൽ നിന്നാണ് വിജിലൻസ് സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.