സിപിഎം പ്രവർത്തകർ സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു
കൊച്ചി: കൊച്ചി വൈപ്പിനിൽ സിപിഎം പ്രവർത്തകർ സി പി ഐ ലോക്കൽ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. സംഘർഷത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. സി പി ഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാർ, ലോക്കൽ സെക്രട്ടറി എൻ.എ ദാസൻ എന്നിവർക്കാണ് മർദനമേറ്റത്.
ഞാറയ്ക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം പാനലിനെ സിപിഐ പാനൽ പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ഓഫീസിന് നേരേ ആക്രമണമുണ്ടായത്.
ഞാറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -സി പി ഐ സഖ്യമാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രകടനവുമായി എത്തിയ സി പി എം പ്രവർത്തകർ കൊടി മരവും,ഫ്ലക്സും അടിച്ചു തകർത്തു. സി പി ഐ ഓഫീസിനുള്ളിലേക്ക് കയറി നേതാക്കളെ ആക്രമിച്ച് കസേരകൾ തല്ലി തകർത്തു.
കേരള കോൺഗ്രസ് എമ്മുമായി സഖ്യം ചേർന്ന സി പി എം തെരഞ്ഞെടുപ്പിന് മുൻപ് ഘടകകക്ഷിയായ സി പി ഐ യോട് കൂടിയാലോചന പോലും നടത്തിയിരുന്നില്ലെന്നാണ് ആരോപണം.തുടർന്നാണ് കോൺഗ്രസ്സുമായി സഖ്യം രൂപീകരിച്ച് മത്സരിച്ചത്.