കെ.എസ്.യുവിനെ ‘സജീവമാക്കി’ പുനസംഘടനയിൽ ഇടിച്ചു കയറാൻ ബ്ലോക്ക് ഭാരവാഹിയുടെ ശ്രമം
പുതുപ്പള്ളിയിൽ നിർജീവമായ കെ.എസ്.യുവിനെ ‘സജീവമാക്കി’ പുനസംഘടനയിൽ ഇടിച്ചു കയറാൻ ബ്ലോക്ക് ഭാരവാഹിയുടെ ശ്രമം; സ്വന്തം സീറ്റ് ഉറപ്പിക്കാൻ പുതുപ്പള്ളിയിൽ നടത്തിയത് ചിന്തൻ ശിബിര നാടകം; വിമർശനവുമായി കെ.എസ്.യു – യൂത്ത് കോൺഗ്രസ് നേതൃത്വം
കോട്ടയം: പുതുപ്പള്ളിയിൽ നിർജീവമായ കെ.എസ്.യു ഞരമ്പിലോടുന്നുണ്ടെന്നുണ്ടെന്നു വരുത്തിത്തീർത്ത് സ്വന്തം സീറ്റുറപ്പിക്കാൻ യുവ നേതാവ് നടത്തിയ നാടകത്തിനെതിരെ വിമർശനം ശക്തമാകുന്നു. നവ വിദ്യാർത്ഥി ചിന്തിൻ ശിബിരം എന്ന പേരിൽ കെ.എസ്.യു പുനസംഘടന മുൻകൂട്ടിക്കണ്ട് ബ്ലോക്ക് ഭാരവാഹിയായ നേതാവ് നടത്തിയ നാടകമാണ് ജില്ലയിൽ തന്നെ കെ.എസ്.യു യൂത്ത് കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത അമർഷനത്തിന് ഇടയാക്കിയത്. ജില്ലയിൽ പാർട്ടി നേരിടുന്ന കടുത്ത ഭീഷണിയ്ക്കിടെ പാർട്ടിയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നും നടത്താതെ സ്വന്തം താല്പര്യം സംരക്ഷിക്കാൻ ഇയാൾ നടത്തിയ പ്രവർത്തനങ്ങളാണ് പാർട്ടിയിലെ ഭൂരിഭാഗവും എതിർക്കുന്നതിന് ഇടയാക്കിയത്.
കഴിഞ്ഞ ദിവസമാണ് ഇയാൾ സ്വന്തം താല്പര്യ സംരക്ഷണാർത്ഥം പുതുപ്പള്ളിയിൽ നവ ചിന്തൻ ശിബിരം എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ചത്. കെ.എസ്.യുവിൽ തന്നോടൊപ്പം നിൽക്കുന്ന ഒരു വിഭാഗം പ്രവർത്തകരെയും മണ്ഡലത്തിന് പുറത്ത് നിന്നുള്ള നേതാക്കളെയും പ്രവർത്തകരെയും ഒപ്പം നിർത്തിയായിരുന്നു ഇയാളുടെ നവ ചിന്തൻ ശിബിരം. ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ ആഹ്വാനം വരും മുൻപായിരുന്നു പുതുപ്പള്ളിയിൽ ഈ നേതാവ് സ്വന്തം നിലയിൽ നവ ചിന്തൻ ശിബിരം നടത്തിയത്. കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും നിലവിലുള്ള പ്രവർത്തന രീതി അനുസരിച്ച് സംസ്ഥാന ജില്ലാ കമ്മിറ്റികൾ അഹ്വാനം ചെയ്യുന്ന പരിപാടികൾ ഏറ്റെടുത്ത് നടത്തുകയാണ് ചെയ്യുന്നത്. ഒരു നേതാവും സ്വന്തം നിലയിൽ പരിപാടികൾ ആഹ്വാനം ചെയ്ത് നടപ്പിലാക്കാറില്ല.
എന്നാൽ, പുതുപ്പള്ളിയിലെ ഈ ബ്ലോക്ക് നേതാവ് സ്വന്തമായി ചിന്തൻ ശിബിരം നടത്തിയതിനു പിന്നിൽ ഗൂഡ ഉദ്ദേശമുണ്ടെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. അടുത്ത കെ.എസ്.യു പുനസംഘടനയിൽ തനിക്ക് സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഇയാൾ സ്വന്തം നിലയിൽ ചിന്തൻ ശിബിരം സംഘടിപ്പിച്ചതെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്. ശിബിരത്തിൽ പങ്കെടുത്ത നേതാക്കളെ ക്ഷണിക്കുന്നതു സംബന്ധിച്ചു യാതൊരു വിധ ചർച്ചയും ഈ നേതാവ് നടത്തിയിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്. ഇത്തരത്തിൽ ചർച്ച നടത്താതെ ഏകപക്ഷീയമാണ് പ്രവർത്തകരെയും നേതാക്കളെയും ശിബിരത്തിലേയ്ക്കു ക്ഷണിച്ചത്. മറ്റാരുമില്ലാതെ സ്വന്തം തീരുമാന പ്രകാരമാണ് ഇദ്ദേഹം പരിപാടികൾ എല്ലാം സംഘടിപ്പിച്ചത്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നു തന്നെ രണ്ടു പേരെ കെ.എസ്.യു ജില്ലാ പ്രസിഡന്റായും, കെ.എസ്.യു സംസ്ഥാന ഭാരവാഹിയായും സജീവമായി പരിഗണിക്കുന്നതിനിടെയാണ് ഇപ്പോൾ ചിന്തൻ ശിബിരവുമായി തന്റെ സ്ഥാനം ഉറപ്പിക്കാൻ നേതാവ് നുഴഞ്ഞ് കയറ്റ ശ്രമം നടത്തുന്നത്. ഇതിനെതിരെയും കടുത്ത വിമർശമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ മുൻപ് ഇയാൾ എൽ.ഡി.എഫ് സർക്കാരിലെ മന്ത്രിയായ എം.വി ഗോവിന്ദന്റെയും, സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ കിടന്ന മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി ശിവശങ്കരന്റെയും ചിത്രങ്ങളും വീഡിയോയും വാട്സ്അപ്പ് സ്റ്റാറ്റസ് ആക്കിയതും വൈറലായി മാറിയിട്ടുണ്ട്.
പാർട്ടിയെ വളർത്താൻ നടന്ന ചിന്തൻ ശിബിറിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനം ആണ് ഉയർന്നത്. ഇത് കോൺഗ്രസിന്റെ തല മുതിർന്ന നേതാക്കളെ അടക്കം ലക്ഷ്യമിട്ടായിരുന്നു എന്ന ആരോപണം ഉയർന്നിട്ടുണ്ട്. പരിപാടിയിൽ രണ്ട് മണ്ഡലം പ്രസിഡന്റുമാർ അടക്കമുള്ളവർ പരിപാടിയിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബ്ലോക്ക് ഭാരവാഹികൾ പഠിക്കുന്ന കോളജിൽ അടക്കം കെ.എസ്.യു യൂണിറ്റ് ഇല്ല എന്ന ആരോപണവും ഉയർന്നിരുന്നു.