ഹിന്ദു രാഷ്ട്രം : ഭരണഘടന പുറത്തുവിട്ട് ഹിന്ദു രാഷ്ട്ര നിർമ്മാൺ സമിതി
ന്യുഡൽഹി: ഹിന്ദു രാഷ്ട്ര ഭരണഘടനയുടെ കരടുമായി ധരം സൻസാദ്. ഇക്കൊല്ലം ഫെബ്രുവരിയിൽ യുപിയിലെ പ്രയാഗ് രാജിൽ വച്ച് നടന്ന മാഗ് മേളയിൽ വച്ചാണ് ഇന്ത്യയെ ഹിന്ദുരാജ്യമാക്കുമെന്ന് ഹിന്ദു രാഷ്ട്ര നിർമ്മാൺ സമിതി അംഗവും ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റുമായ സ്വാമി ആനന്ദ് സ്വരൂപ് അറിയിച്ചത്. ഇതിനായി ധർമ സൻസാദ് രൂപീകരിക്കുകയും ചെയ്തു. ഇതിൻ്റെ തുടർച്ചയായി കഴിഞ്ഞ ദിവസം ഭരണഘടനയുടെ കരട് അവതരിപ്പിച്ചു. 2023ലെ മാഗ് മേളയിൽ ഇത് അവതരിപ്പിക്കും. ഇതിനു ശേഷം ഉയരുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിച്ചാവും ഭരണഘടനയുടെ അവസാന രൂപം തയ്യാറാക്കുക. പണ്ഡിതന്മാരും വിദഗ്ധരും അടങ്ങുന്ന 30 അംഗ സംഘമാണ് ഭരണഘടനയുടെ പിന്നിൽ.
ഭരണഘടനാ കരട് അനുസരിച്ച് വാരണാസിയാവും ഇന്ത്യയുടെ തലസ്ഥാനം. വാരണാസിയിൽ മതങ്ങളുടെ പാർലമെൻ്റ് ഉണ്ടാക്കും. മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരു പൗരനെന്ന നിലയിൽ താമസിക്കാം. ജോലി ചെയ്യുകയോ കച്ചവടം നടത്തുകയോ വിദ്യാഭ്യാസം നേടുകയോ ആവാം. പക്ഷേ, വോട്ടവകാശം ഉണ്ടാവില്ല. ഹിന്ദു, സിക്ക്, ബുദ്ധ, ജൈന മതക്കാർക്ക് വോട്ടവകാശമുണ്ടാവും. എല്ലാ പൗരന്മാരും നിർബന്ധമായി സൈനിക പരിശീലനം നടത്തണം. കൃഷിയ്ക്ക് നികുതിയുണ്ടാവില്ല. 16 വയസിൽ വോട്ട് ചെയ്യുകയും 25ആം വയസിൽ മത്സരിക്കുകയും ചെയ്യാം. ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങൾ എല്ലാം നീക്കും.എല്ലാം വർണാശ്രമ സമ്പ്രദായത്തിലാവും. ഗുരുകുല സമ്പ്രദായമാകും നടപ്പാക്കുക. ഗണിതം, നക്ഷത്രം, അയുർവേദം, ജ്യോതിഷം അടക്കമുള്ള വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകുമെന്നും കരടിൽ പറയുന്നു.
നിലവിൽ 32 പേജുകളുള്ള കരട് രൂപമാണ് തയ്യാറാക്കിയിരിക്കുന്നത്. പൂർണമായ ഭരണഘടന 750 പേജുകളുണ്ടാവും.ഇന്ത്യയെ ഹിന്ദു രാജ്യമാക്കുകയാണ് പ്രഥാന ലക്ഷ്യമെന്ന് സംഭവി പീതദീശ്വർ സ്വാമി ആനന്ദ് സ്വരൂപ് പറഞ്ഞു. 300ലധികം ഭേദഗതികൾ ഭരണഘടനയിലുണ്ട്. മതനിരപേക്ഷത എന്ന വാക്ക് ഭരണഘടനയിലുണ്ട്. ഇസ്ലാമിക ഭീകരവാദം വർധിക്കുന്ന ഈ സമയത്ത് പല സംസ്ഥാനങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാവുകയാണ്. അതുകൊണ്ട് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ഇതാണ് പറ്റിയ സമയമെന്നും സ്വാമി പറഞ്ഞു. മുസ്ലിം രാഷ്ട്രങ്ങളിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക് വോട്ടവകാശമുണ്ടോ? പിന്നെ ഇന്ത്യയിൽ എന്തിനു നൽകണമെന്നും സ്വാമി ചോദിക്കുന്നു.