അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് കൊടിയേറി
കോഴിക്കോട്: അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് ചാലിപ്പുഴയിലെ പുലിക്കയത്ത് ഓളപരപ്പിൽ കൊടിയേറി. കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി സംയുക്തമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം നടത്തുന്നത്. കയാക്കിങ്ങില്‍ പുലിക്കയമാണ് സ്റ്റാര്‍ട്ടിങ് പോയിന്റും ഇലന്തുകടവ് എന്റിങ് പോയിന്റുമാണ്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ലോകത്ത് വളര്‍ന്നുവരുന്ന സാഹസിക വിനോദ സഞ്ചാരം ട്രെന്റായി മാറിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. മലബാറിന്റെ സിഗ്‌നേച്ചര്‍ ഇവന്റായി മലബാര്‍ റിവര്‍ ഫെസ്റ്റ് മാറി. ഫെസ്റ്റിലൂടെ കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയുമാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. സാഹസിക വിനോദ സഞ്ചാരത്തിന്റെ എല്ലാ സാധ്യതകളെയും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും. അസാധ്യമെന്ന് തോന്നുന്നത് സാധ്യമാക്കുക എന്നതാണ് സാഹസിക ടൂറിസത്തിന്റ പ്രത്യേകതയെന്നും സഞ്ചാരികള്‍ വലിയ തോതില്‍ ഈ മേഖലയിലേക്ക് കടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.