ആദ്യം സൗഹൃദം സ്ഥാപിക്കും; പ്രണയത്തിന്റെ പേരിൽ പിന്നാലെ നൽകുന്നത് മയക്കുമരുന്നും; ഒമ്പതാം ക്ലാസുകാരന് ഇതുവരെ പീഡിപ്പിച്ചത് 11 പെണ്‍കുട്ടികളെ; കണ്ണൂരിൽ ലഹരി വിദ്യാർത്ഥികളിൽ പിടിമുറുക്കുന്നുവോ?
കണ്ണൂര്‍: സ്കൂൾ വിദ്യാര്‍ത്ഥികൾക്കിടയിൽ ലഹരി മാഫിയ പിടിമുറുക്കുകയാണ്. കുട്ടികളെ വലയിൽ വീഴ്ത്തികൊണ്ടാണ് ഇപ്പോൾ ഇത്തരം സംഘങ്ങളുടെ പ്രവർത്തനമെന്നുള്ളത് ആശങ്ക ജനിപ്പിക്കുന്നതാണ്. സഹപാഠി ലഹരിമരുന്ന് നൽകിയെന്നും പീഡിപ്പിച്ചുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ണൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയും കുടുംബവും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ചാണ് തനിക്ക് സഹപാഠി ലഹരിമരുന്ന് നൽകിയതെന്നും പത്തിലധികം പെൺകുട്ടികൾ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
പതിനൊന്നു വയസുള്ള കുട്ടികളെ വരെ വെറുതെ വിടാതെ ലഹരിക്കടിമയാക്കുന്ന സംഘം സ്കൂള്‍ പരിസരങ്ങളില്‍ ഇന്ന് സജീവമാണ്. കഴിഞ്ഞ ദിവസം ചക്കരക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പതിനൊന്നു വയസുള്ള രണ്ടു കുട്ടികള്‍ ലഹരിക്കടിപ്പെട്ട് വയലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയതും ഈ സംഭവങ്ങളുടെ തീവ്രത വ്യക്തമാക്കുകയാണ്.
വീട്ടില്‍ നിന്നും പോക്കറ്റ് മണി ലഭിക്കുന്ന കുട്ടികളെ വലയിലാക്കാന്‍ വിദ്യാര്‍ത്ഥികളെ തന്നെയാണ് സംഘം ഉപയോഗിക്കുന്നത്. വളപട്ടണം പോലീസ് പരിധിയില്‍ നേരത്തെ ഒരു യുവാവിനെ റോഡരികില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്ന് എഴുതിത്തള്ളി വലിയ അന്വേഷണം ഉണ്ടായില്ല. ബ്രൗണ്‍ഷുഗര്‍ നേരിട്ട് സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതിനെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് അന്ന് സംശയം ഉയര്‍ന്നിരുന്നു. ബ്രൗണ്‍ ഷുഗര്‍ ചെറുനാരങ്ങ നീരില്‍ ചൂടാക്കി സിറിഞ്ചു വഴി എടുത്ത് കുത്തിവയ്ക്കുന്ന രീതിയെക്കുറിച്ച് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതേസമയം തന്നെ പന്തളത്ത് ലോഡ്ജിൽ നിന്ന് എം ഡി എം മെയുമായി കണ്ണൂർ സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം വിദ്യാർത്ഥിനി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയ്ക്ക് മയക്കുമരുന്ന് എവിടെനിന്നാണ് ലഭിച്ചതെന്നും ഇത്തരം സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നുള്ളതുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
തനിക്കുപുറമെ 11-ഓളം വിദ്യാര്‍ഥിനികളെ ഒന്‍പതാം ക്ലാസുകാരന് മയക്കുമരുന്ന് നല്കി പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. വിദ്യാര്‍ഥി ബെംഗളൂരുവിലും മറ്റും പോകാറുണ്ടെന്നും കക്കാട്ടുനിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. പോക്സോ നിയമപ്രകാരം അറസ്റ്റിലായ പതിനാലുകാരന് ജാമ്യത്തിലിറങ്ങി. ഈ വിദ്യാര്‍ഥിയെ സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയും സ്കൂള്‍ വിട്ടു.
ഫെബ്രുവരിക്കുശേഷമാണ് സംഭവങ്ങളുടെ തുടക്കമെന്ന് പെണ്‍കുട്ടി പറയുന്നു. കേരളത്തിന് പുറത്തായിരുന്ന പെണ്‍കുട്ടിയുടെ കുടുംബം എട്ടുമാസം മുന്‍പാണ് കണ്ണൂരില്‍ താമസം തുടങ്ങിയത്. സഹപാഠിയെന്ന നിലയില്‍ ഈ കുട്ടി പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടിലെത്താറുണ്ട്. രക്ഷിതാക്കളുടെ വിശ്വാസം നേടുകയും ചെയ്തു.
അടുത്ത സൗഹൃദം സ്ഥാപിക്കുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്ത ശേഷമാണ് മയക്കുമരുന്ന് നല്കിത്തുടങ്ങിയത്. ടെന്‍ഷന്‍ മാറ്റാന്‍ നല്ലതാണെന്ന് പറഞ്ഞാണ് ആദ്യം നല്‍കിയത്. പിന്നീട് പെണ്‍കുട്ടി മയക്കുമരുന്നിന് അടിമപ്പെട്ടു. മയക്കുമരുന്ന് തന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. ഇക്കാര്യം ആണ്‍കുട്ടിയും പോലീസിനോട് സമ്മതിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇരുവരുടെയും രക്ഷിതാക്കള്‍ കണ്ടതോടെയാണ് വിവരം പോലീസിലെത്തിയത്. മയക്കുമരുന്നിന് അടിമപ്പെട്ട പെണ്‍കുട്ടിയെ വയനാട്ടിലെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. 10 ദിവസം അവിടെയായിരുന്നു.
മയക്കുമരുന്ന് നല്കി സഹപാഠിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി മാത്രമേ കിട്ടിയിട്ടുള്ളൂവെന്ന് കേസന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പി.എ.ബിജുമോഹന്‍ പറഞ്ഞു. കേള്‍ക്കുന്ന വിവരങ്ങളില്‍ ഒരുപാട് ദുരൂഹതയുണ്ട്. പോലീസ് എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തു.