ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ബിഹാറിൽ ബിജെപിയുമായുള്ള ദീർഘകാല ബന്ധമാണ് പരിസമാപ്തിയിൽ എത്തിയത്.
അതേസമയം പട്നയിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ മുന്നണി വിട്ട് പുറത്തേക്ക് തന്നെയെന്ന് ഉറപ്പായി. എൻഡിഎ വിട്ടെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണ നൽകാമെന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി രാവിലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മുന്നണി വിട്ടെത്തിയാൽ നിതിഷിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നിതീഷ് മുന്നണി വിടുന്നുവെന്നതിൽ ഏകദേശം ഉറപ്പായി. എൻഡിഎ വിടുന്നതിൽ തീരുമാനമെടുക്കാൻ ചേർന്ന ജെഡിയു എംഎൽഎമാരുടെ യോഗം പറ്റ്നയിൽ പുരോഗമിക്കുകയാണ്. മുന്നണി വിടാൻ യോഗത്തിൽ ധാരണയായതായാണ് ഒടുവിൽ ലഭിക്കുന്ന സൂചന. ഗവർണ്ണറുമായുള്ള കൂടിക്കാഴ്ചക്ക് നിതീഷ് കുമാർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ഗവർണർ- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നേക്കും.
നിതീഷ് കുമാർ ജനതാദൾ– യുണൈറ്റഡ് (ജെഡി–യു) എംഎൽഎമാരുമായും എംപിമാരുമായും കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ ജനതാദൾ (ആർജെഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പട്‌നയിലെ വസതിയിൽ ആർജെഡി എംഎൽഎമാരും നേതാക്കളും യോഗം ചേർന്നു. ഇരുയോഗങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ആർജെഡിയും കോൺഗ്രസും തമ്മിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം യോഗം ചേരുന്നുണ്ട്. നിതീഷ് കുമാർ ബിജെപി വിട്ടാൽ സഖ്യത്തിന് തയാറാണെന്ന് ആർജെഡിയും കോൺഗ്രസും സൂചിപ്പിച്ചു. ഹിന്ദുസ്ഥാൻ അവാം മോർച്ചയും സിപിഐഎംഎല്ലും നിതീഷ് കുമാറിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.