മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞു; മൽസ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
ആലപ്പുഴ : ചെട്ടികാട് തീരക്കടലിൽ പൊന്തു വള്ളത്തിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് മൽസ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. ചെട്ടികാട് വെളിയിൽ ജലാസിയോസ് ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കടലിൽ വീണ ജോസഫിനെ സമീപത്തുള്ള മത്സ്യത്തൊഴിലാളികൾ ഉടൻ കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടലാക്രമണവും ശക്തമായ തിരയുമുള്ളതിൽ കടലിൽ പോകരുതെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശമുണ്ടായിരുന്നു.
അതേ സമയം, തിരുവനന്തപുരം വർക്കലയും ഇന്ന് സമാനമായ അപകടമുണ്ടായി. താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കടലിൽ വീണ മൂന്ന് പേരെയും മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി. മാഹിൻ (60),ഷാഹിദ് (35) ഇസ്മായിൽ (45) എന്നിവരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.