കൈക്കൂലി വാങ്ങിക്കൊണ്ടിരിക്കെ പഞ്ചായത്ത് ജീവനക്കാരനെ പിടികൂടി വിജിലൻസ്
അടിമാലി: കൈക്കൂലി വാങ്ങിക്കൊണ്ടിരിക്കെ പഞ്ചായത്ത് ജീവനക്കാരനെ പിടികൂടി വിജിലൻസ്. അടിമാലി ഗ്രാമ പഞ്ചായത്തിലെ സീനിയർ ക്ലർക്ക് അടൂർ പറക്കോട് മുണ്ടക്കൽ പുതിയവീട്ടിൽ മനോജാണ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത് . എറണാകുളത്ത് താമസമാക്കിയ അടിമാലി പൊളിഞ്ഞപാലം സ്വദേശിനി പൊളിഞ്ഞപാലത്ത് മുമ്പ് വാങ്ങിയിരുന്ന സ്ഥലം വിൽക്കുന്നതിന് ശ്രമിച്ചപ്പോൾ കമ്പ്യൂട്ടർരേഖകളിൽ നമ്പറില്ലാത്തത് ശ്രദ്ധയിൽപ്പെട്ടത്. ഈ വീടിന് അന്ന് കെട്ടിട നമ്പർ നൽകിയിരുന്നതാണ്.പഞ്ചായത്ത് ഓവര്‍സിയര്‍ സജിന്‍ ഇതേ സ്ത്രീയുടെ പക്കല്‍ നിന്ന് നേരത്തെ കൈക്കൂലി കൈപ്പറ്റിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം അന്വേഷണം ആരംഭിച്ചത്.
സീനിയർ ക്ലർക്ക് മനോജ് ഈ വീടിന് നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുപത്തയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.2500 രൂപ ആദ്യംതന്നെ ഇയാൾ കൈപ്പറ്റിയിരുന്നതായാണ് അറിയുന്നത്. അടുത്ത ഘട്ടമായി 8000 രൂപ നൽകാൻ പറഞ്ഞിരുന്നു. അടിമാലി പഞ്ചായത്തിന് സമീപം പൊലീസ് സ്‌റ്റേഷന് എതിർവശമുള്ള എടിഎം കൗണ്ടറിന് സമീപത്ത് വച്ച് പണം കൈപ്പറ്റുന്നതിനിടയിലാണ് ജീവനക്കാരനെ വിജിലൻസ് പിടികൂടിയത്