ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു:നാലംഗ കുടുംബം സഞ്ചരിച്ച കാർ തോട്ടിൽ വീണു
കോട്ടയം :ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചതോടെ, വഴിമാറിയെത്തിയ തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ച കാർ തോട്ടിലേയ്ക്കു മറിഞ്ഞു.
വ്യാഴാഴ്ച രാത്രി 11 മണിയോടെ കോട്ടയം നാട്ടകം പാറേച്ചാൽ ബൈപ്പാസിലായിരുന്നു സംഭവം. എറണാകുളത്തു നിന്നും തിരുവല്ലയിലേയ്ക്കു മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും.
ഇവർ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ നൽകിയാണ് കാർ ഓടിച്ചിരുന്നത്. ഇതിനിടെ ലൊക്കേഷൻ തെറ്റിയ ഇവർ പാറേച്ചാൽ ബൈ്പ്പാസിൽ എത്തുകയായിരുന്നു. തുടർന്നു, കാർ വഴി തെറ്റി സമീപത്തെ തോട്ടിലേയ്ക്കു മറിയുകയായിരുന്നു.
ഈ സമയം സമീപവാസികൾ ചേർന്ന് വടം ഇട്ടു കൊടുത്ത് വലിച്ച് തോട്ടിൽ വീണ കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപെടുത്തി പുറത്തെടുത്തു. തുടർന്നു ഇവരെ സമീപത്തെ വീട്ടിലേയ്ക്ക് എത്തിച്ചു. ഈ വീട്ടിൽ നിന്നും അപകടത്തിൽപ്പെട്ടവർക്ക് മാറാനുള്ള വസ്ത്രം അടക്കം നൽകി. ഈ വസ്ത്രം ധരിച്ചാണ് ഇവർ ഇവിടെ നിന്നും മടങ്ങിയത്. ഇതിനു ശേഷം
ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും മനു മർക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി. കാറിനുള്ളിലുണ്ടായിരുന്ന ആർക്കും പരിക്കുണ്ടായിരുന്നില്ല.
തിരുവല്ല സ്വദേശിയായ ഡോക്ടർ സോണിയ, ഇവരുടെ മൂന്നു മാസം പ്രായമായ കുട്ടി, കാർ ഓടിച്ചിരുന്ന ഇവരുടെ ബന്ധു, ഡോക്ടർ സോണിയയുടെ മാതാവ് എന്നിവരാണ് അത്ഭുതകരമായി രക്ഷപെട്ടത്.