കുന്ന്ഇടിഞ്ഞ് വീ ടിനു മുകളിലേക്ക്; കൈകൾ ചേർത്തു പി ടിച്ച്കുട്ടികളുടെ മൃതദേഹം
മംഗളൂരു : കേരളത്തിന് പുറമേ മറ്റു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. കര്‍ണാടകയിലെ ഉത്തര കന്നഡ, ദക്ഷിണ കന്നഡ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിലും മഴക്കെടുതിയിലുമായി ഒറ്റദിവസം ആറുപേരാണ് മരിച്ചത്. വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ ഭട്കല് താലൂക്കിലെ മുട്ടാല്ലിയിലാണ് സംഭവം.
ദക്ഷിണ കന്നഡയിലെ സുബ്രഹ്മണ്യയിലും സമാന രീതിയിൽ ദുരന്തമുണ്ടായി. അപകടത്തിൽ രണ്ട് സഹോദരിമാര്‍ മരിച്ചു. മലയിടിഞ്ഞ് വീടിന് മുകളിലേക്ക് വീണായിരുന്നു അപകടമുണ്ടായത്. കുസുമാധര്‍ എന്നയാളുടെ 11 വയസ്സുള്ള ശ്രുതി, ആറു വയസ്സുള്ള ജ്ഞാനശ്രീ എന്നീ പെണ്മക്കളാണ് ദാരുണമായി മരണപ്പെട്ടത്.
രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണത്തിലും വേര്‍പിരിയാതെ കൈകോര്‍ത്തുപിടിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും വളരെയേറെ ഹൃദയഭേദകമായിരുന്നു ആ ദൃശ്യമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
തിങ്കളാഴ്ച വൈകീട്ടു മുതല്‍ സുബ്രഹ്മണ്യയില്‍ കനത്തമഴയായിരുന്നു. രാത്രി ഏഴുമണിയോടെ വലിയ ഇരമ്പല്‍ കേട്ടു. ഈ സാമയം ശ്രുതി വീടിന്റെ വരാന്തയില്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശബ്ദം കേട്ടതോടെ ശ്രുതി അകത്തേക്കോടി. പേടിച്ച ജ്ഞാനശ്രീയും വീടിനകത്തേക്കോടി. ഇതിനിടെ മലയിടിഞ്ഞ് വീടിനുമുകളില്‍ പതിച്ചിരുന്നു.
ഇതിനിടെ ശബ്ദം കേട്ട് അടുക്കളയിലായിരുന്ന ഇവരുടെ അമ്മ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. മക്കളും വീടിന് പുറത്തുണ്ടാകുമെന്നാണ് ഇവര്‍ കരുതിയിരുന്നത്. പ്രദേശത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായതും, റോഡിന് കുറുകെ വലിയ മരം കടപുഴകി വീണതും രക്ഷാപ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് സ്ഥലത്തെത്തുന്നതിന് തടസ്സമായി. കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായി. ഇതേത്തുടര്‍ന്ന് വൈകിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങാനായതെന്ന് പൊലീസ് പറഞ്ഞു.