സ്കൂൾ കുട്ടികളിൽ പടർന്ന് പിടിച്ച് വൈറൽ പനി; എച്ച് വൺ എൻവൺ കേസുകളും കുറവല്ല; സംസ്ഥാനത്തൊട്ടാകെ കനത്ത ജാഗ്രത
ചേർപ്പ്: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കിടയിൽ പനി പടർന്നു പിടിക്കുന്നു. സ്കൂൾ തുറക്കുമ്പോൾ മുതൽ കുട്ടികളിൽ വിട്ടൊഴിയാതെ വൈറൽ പനി, തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ എന്നിവയും കൂടെയുണ്ട്. എന്നാൽ നിലവിൽ രോഗം ഭേദമായി സ്കൂളിൽ പോയിത്തുടങ്ങുമ്പോഴേക്കും വീണ്ടും പിടികൂടുകയാണ് അടുത്തത്.
ആശുപത്രികളിലും ശിശുരോഗവിദഗ്ധരുടെ അടുത്തും പനി ബാധിച്ച കുട്ടികളെയും കൊണ്ടുവരുന്നവരുടെ തിരക്കാണ്. കഴിഞ്ഞ രണ്ടു വർഷം കുട്ടികൾക്ക് പനിയും ജലദോഷവും ചുമയും കുറവായിരുന്നു. വീട്ടിലിരിപ്പ് കഴിഞ്ഞ് സ്കൂളിലെത്തിയപ്പോഴേക്കും സ്ഥിതി മാറി. മിക്ക കുട്ടികളും രോഗത്തിന്റെ അവശതയിലാണ്. പനി മാറിയാലും ഒരു മാസം വരെ വിട്ടുമാറാത്ത ചുമ വലയ്ക്കും.
“സ്കൂൾ തുറക്കുമ്പോൾ മഴയും തണുപ്പും വൈറൽ രോഗങ്ങളും പതിവാണ്. രണ്ടു കൊല്ലമായി സ്കൂൾ ഇല്ലാത്തതിനാൽ ഇത്തരം രോഗങ്ങൾ വന്ന് സ്വാഭാവിക പ്രതിരോധശേഷി ആർജിക്കാനുള്ള സാഹചര്യം ഉണ്ടായില്ല. അതാണ് വൈറൽ പനി പടരാൻ കാരണം. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല-” ശിശുരോഗ വിദഗ്ധർ പറയുന്നു.