ദക്ഷിണ ഇറാനിൽ വീണ്ടും ഭൂചലനം. യു.എ.ഇയിൽ പ്രകമ്പനം
ദുബൈ: ദക്ഷിണ ഇറാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. ഭൂമികുലുക്കത്തെ തുടർന്ന് യു.എ.ഇയിൽ പ്രകമ്പനം ഉണ്ടായി. ശനിയാഴ്ച രാത്രി 8.07നാണ് ഭൂമികുലുക്കമുണ്ടായതെന്ന് യു.എ.ഇ ദേശീയ ഭൗമ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.
ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെല്ലാം ചെറിയ പ്രകമ്പനം അനുഭവപ്പെട്ടു. ഉയർന്ന നിലകളിലുള്ളവർക്കാണ് കൂടുതലായി ചെറിയ അനക്കം തോന്നിയത്. നിരവധിപേർ സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതേസമയം യു.എ.ഇയിൽ ഭൂമികുലുക്കം അപകടമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പും സമാന രീതിയിൽ ഇറാനിലെ ഭൂമികുലുക്കം യു.എ.ഇയിൽ പ്രകമ്പനമുണ്ടാക്കിയിരുന്നു.