കർഷകനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റിൽ
കൊക്കയാർ: കർഷകനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊക്കയാർ വെമ്പളി കിണറ്റുകങ്കൽ വീട്ടിൽ കെ.എൽ ഡാനിയേലിനെ (68)വിജിലൻസ് ഇടുക്കി ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കർഷകനോട് പടുതാക്കുളം നിർമ്മിക്കുന്നതിനു പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനിയേലിനെ വിജിലൻസ് സംഘം പിടികൂടിയത്. പരാതിക്കാരന് അച്ഛന്റെ പേരിൽ പാട്ടത്തിനെടുത്ത ഭൂമിയുണ്ടായിരുന്നു. ഈ ഭൂമിയിൽ പടുതാക്കുളം നിർമ്മിക്കുന്നതിനു ശുപാർശക്കത്ത് കൈമാറുന്നതിനായാണ് ഇദ്ദേഹം കൈക്കൂലിയായി കർഷകനോട് പതിനായിരം രൂപ ആവശ്യപ്പെട്ടത്. തുടർന്നു കർഷകർ പരാതിയുമായി വിജിലൻസ് സംഘത്തെ സമീപിക്കുകയായിരുന്നു. ഇതോടെ വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു.
പടുതാക്കുളത്തിനു സബ്‌സിഡി ലഭിക്കുന്നതിനു കൊക്കയാർ കൃഷി ഭവനിൽ സമർപ്പിച്ച അപേക്ഷയിൽ സബ് സിഡി അനുവദിക്കുന്നതിനു കാർഷിക വികസന സമിതിയിൽ പഞ്ചായത്ത് പ്രതിനിധി ആവശ്യം ഉന്നയിക്കണം. ഇത്തരത്തിൽ ഉന്നയിക്കണമെങ്കിൽ തനിക്ക് പണം നൽകണമെന്നായിരുന്നു ഇദ്ദേഹത്തിന്റെനിലപാട്. കൊക്കയാർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് അംഗമാണ് വൈസ് പ്രസിഡന്റ് കൂടിയായ ഡാനിയേൽ.
പടുതാക്കുളം നിർമ്മിക്കാൻ അപേക്ഷ നൽകിയ ആളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ വിജിലൻസ് സംഘം തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിൽ എത്തിയ അന്വേഷണ സംഘം ഇദ്ദേഹം കൈക്കൂലി വാങ്ങുന്നതിനിടെ കൈക്കൂലിപ്പണം സഹിതം പിടികൂടുകയായിരുന്നു. വിജിലൻസ് ഇടുക്കി ഡിവൈഎസ്പി എ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പഞ്ചായത്ത് ഓഫിസിലിരുന്നാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയിരിക്കുന്നത്. തുടർന്നാണ് വിജിലൻസ് സംഘം വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത്.
വിജിലൻസ് ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാർ, ഇൻസ്‌പെക്ടർമാരായ ടിംപ്‌സൺ തോമസ് , ജയകുമാർ, മഹേഷ് പിള്ള, ഫിറോസ്, എസ്.ഐമാരായ സന്തോഷ്‌കുമാർ, സുരേഷ്‌കുമാർ, എ.എസ്.ഐ സ്റ്റാൻലി തോമസ്, കെ.ജി സഞ്ജയ്, ബിജു വർഗീസ്, ബേസിൽ പി.ഐസക്ക്, ബിനോയ് തോമസ്, സിവിൽ പൊലീസ് ഓഫിസർ സന്ദീപ് ദത്തൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്