പ്രമേഹ ചികിത്സ:സിറ്റാഗ്ലിപ്റ്റിൻ ഗുളികയുടെ വില മൂന്നിലൊന്നായി കുറയുന്നു

Spread the love

ന്യൂഡൽഹി ∙ പ്രമേഹ ചികിത്സയിൽ വ്യാപകമായി ഉപയോഗപ്പെടുന്ന സിറ്റാഗ്ലിപ്റ്റിൻ ഗുളികയുടെ വില മൂന്നിലൊന്നായി കുറയുന്നു. പേറ്റന്റ് ഇല്ലാതാകുന്ന സാഹചര്യത്തിലാണ് മാറ്റം. ചില്ലറവിപണിയിൽ നിലവിൽ 38 മുതൽ 45 രൂപ വരെയാണ് വില. ഇതിന് 8 രൂപ മുതൽ 21 രൂപ വരെ ആയി (മരുന്ന് ലഭ്യമാക്കുന്ന കമ്പനികളുടെ വ്യത്യാസമനുസരിച്ച്) വില കുറയും.

പേറ്റന്റ് കാലാവധി തീരുന്നതു കണക്കിലെടുത്ത് ഉൽപാദകരായ യുഎസിലെ മെർക്ക് ഇതിന്റെ ജെനറിക് രൂപം പുറത്തിറക്കിയിരുന്നു. പിന്നാലെ, ഇന്ത്യയിൽ ഗ്ലെൻമാർക്കും ജെനറിക് മരുന്ന് അവതരിപ്പിച്ചു. സൺ ഫാർമ, ഡോ. റെഡ്ഡീസ്, ജെബി കെമിക്കൽസ് തുടങ്ങി കൂടുതൽ കമ്പനികൾ ഇതു കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കുമെന്നു അറിയിച്ചിട്ടുണ്ട്. വരുന്ന ആഴ്ച മുതൽ ഇവ വിപണിയിലെത്തി തുടങ്ങും.

ഇൻസുലിന്റെ അളവ് കുറയുകയോ ശരീരത്തിൽ‌ ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ കോശങ്ങൾക്കു പ്രയോജനപ്പെടുത്താൻ കഴിയാതെ വരുകയോ ചെയ്യുന്ന ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയിലാണ് ഇതു നൽകുന്നത്. മറ്റു മരുന്നുകളോടു ശരിയായി പ്രതികരിക്കാതിരിക്കുക, പാർശ്വഫലം ഉണ്ടാകുക തുടങ്ങിയ ഘട്ടങ്ങളിലും ഇതു നിർണായകമാണ്. മെർക്ക് വികസിപ്പിച്ച മരുന്നിന് 2006ലാണ് യുഎസിൽ അനുമതി ലഭിച്ചത്. രക്താതിസമ്മർദം ഉയർന്നതു താഴ്ത്തിക്കൊണ്ടുവരാനുള്ള ശരീരത്തിന്റെ സ്വന്തം ശേഷി വർധിപ്പിക്കുന്ന മരുന്നുകളുടെ കൂട്ടത്തിലാണ് ഇതുള്ളത്.

സിറ്റാഗ്ലിപ്റ്റിൻ, മെറ്റ്ഫോർമിൻ എന്നിവ സംയുക്ത ഗുളികയാക്കി മെർക്ക് നേരത്തേ വിപണിയിലെത്തിച്ചിരുന്നു. മെർക്കുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ, സൺ ഫാർമസ്യൂട്ടിക്കൽസും മരുന്നു സംയുക്തം ഇന്ത്യയിൽ നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *