ഒരാഴ്ച്ചക്കിടെ മൂന്നു തവണ ലോട്ടറി അടിച്ചു. മൂന്നാമത്തെ ലോട്ടറിക്ക് കിട്ടിയത് ഒന്നാം സമ്മാനമായ ഒരുകോടി രൂപയും
ഒഞ്ചിയം: ഒരാഴ്ച്ചക്കിടെ മൂന്നു തവണ ലോട്ടറി അടിച്ചു. മൂന്നാമത്തെ ലോട്ടറിക്ക് കിട്ടിയത് ഒന്നാം സമ്മാനമായ ഒരുകോടി രൂപയും. വെള്ളികുളങ്ങര സ്വദേശി നിർമാണത്തൊഴിലാളിയായ കിഴക്കെകുനിയിൽ ദിവാകരനെയാണ് ഭാഗ്യംവിടാതെ പിന്തുടർന്ന് അനുഗ്രഹിച്ചത്. രണ്ടാഴ്ച മുമ്പെടുത്ത രണ്ട് ലോട്ടറിടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനം കിട്ടിയതോടെയാമ് ദിവാകരന്റെ ഭാഗ്യകഥ തുടങ്ങുന്നത്. ഇതിൽനിന്ന് പണം ചെലവഴിച്ചെടുത്ത 10 ടിക്കറ്റുകളിലൊന്നിൽ ആയിരം രൂപയായിരുന്നു സമ്മാനം.
വലിയൊരു ഭാഗ്യം അടുത്തെവിടെയോ ഉണ്ടെന്ന് എല്ലാവരും പറഞ്ഞതോടെ മൂന്നാമതൊരു ടിക്കറ്റെടുത്തു. കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റ്. ഇത്തവണ അടിച്ചത് ഒന്നാംസമ്മാനമായ ഒരുകോടി രൂപ.
എല്ലാദിവസവും രാവിലെ സുഹൃത്തുക്കൾക്കൊപ്പം വടകര നാമംകുളത്തിൽ നീന്താൻപോകുന്ന ശീലമുണ്ട് ദിവാകരന്. രണ്ടുകാറുകളിൽ ആളുണ്ടാകും. ഞായറാഴ്ച അങ്ങനെപോയതാണ്. സീയെം ആശുപത്രിക്കു സമീപത്തെ രാഗേഷ് ഹോട്ടലിൽ കയറി ചായകുടിച്ചു. ആ സമയത്താണ് ലോട്ടറിവിൽപ്പനക്കാരനെ കണ്ടതും ടിക്കറ്റെടുക്കാൻ തോന്നിയതും. പോക്കറ്റിൽ തപ്പിയപ്പോൾ പണമില്ലാത്തതിനാൽ സുഹൃത്ത് വെള്ളികുളങ്ങരയിലെ തോട്ടക്കണ്ടിത്താഴകുനി ചന്ദ്രനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്.