എകെജി സെന്റർ ആക്രമണം സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

Spread the love

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മും സംസ്ഥാന സർക്കാരും പ്രതിരോധത്തിലാകുമ്പോഴൊക്കെ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുണ്ടാവുന്നത് യാദൃശ്ചികമല്ല. മുഖ്യമന്ത്രിക്ക് സ്വപ്നയുടെ ആരോപണത്തിന് മുമ്പിൽ ഉത്തരം മുട്ടിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തിൽ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്.

പൊലീസിന്റെ ശക്തമായ കാവലുള്ള എകെജി സെന്ററിന് നേരെ ആക്രമണം നടന്നതും ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിൽ അക്രമിയുടെ മുഖവും വണ്ടി നമ്പറും പതിയാത്തതും ദുരൂഹമാണ്. പൊലീസ് ആസ്ഥാനത്തിന്റെ മൂക്കിന് തുമ്പിൽ ആക്രമണം നടന്നിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

2018ൽ അമിത്ഷാ കേരളത്തിൽ എത്തിയ ദിവസം സന്ദീപാനന്ദ ഗിരിയുടെ കാറ് കത്തുകയും അതിന്റെ പിന്നിൽ സംഘപരിവാറാണെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ അന്വേഷണത്തിൽ വാദി പ്രതിയാകുമെന്ന് മനസിലായതോടെ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. കണ്ണൂരിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്ക് സമീപം ബോംബേറ് ഉണ്ടായെന്നും ആർഎസ്എസ്സാണ് പിന്നിലെന്നും ആരോപിച്ച് സിപിഎം സംസ്ഥാനം മുഴുവൻ അക്രമം നടത്തിയിരുന്നു. എന്നാൽ ആ കേസിലും വാദി പ്രതിയാകുമെന്ന് മനസിലായതോടെ അന്വേഷണം നിലച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *