നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു.
ന്യൂഡൽഹി: നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമർശം പിൻവലിക്കാൻ വൈകിയെന്നും വിമര്‍ശിച്ചു. രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.
പൊലീസ് അന്വേഷണത്തെ പരിഹസിച്ച കോടതി, നൂപുർ ശർമ്മക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും വിമര്‍ശിച്ചു. അറസ്റ്റ് നടക്കാത്തത് നൂപുറിൻ്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം. വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു നൂപുർ ശർമ്മയുടെ ഹര്‍ജി. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പല സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നും കേസുകൾ ഒന്നിച്ച് ദില്ലി പൊലീസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് നൂപുർ ശർമ്മ ആവശ്യപ്പെടുന്നത്. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുർ ശർമ്മ ഹർജി പിൻവലിച്ചു. ഹർജി പരിഗണിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയും പരാമര്‍ശം.