ജൂലൈ ഒന്നുമുതൽ ഓൺലൈൻ പേയ്‌മെന്റ് നിയമങ്ങളിൽ വലിയ മാറ്റം വരുന്നു
ജൂലൈ ഒന്നുമുതൽ ഓൺലൈൻ പേയ്‌മെന്റ് നിയമങ്ങളിൽ വലിയ മാറ്റം വരുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
രാജ്യത്ത് ഡിജിറ്റൽ, യുപിഐ പണമിടപാടുകളിൽ വർധിച്ചു വരുന്നതിനിടെ ഡിജിറ്റൽ പണിമിടപാടുകളുടെ സുരക്ഷയും വലിയ തലവേദനയാണ്. അതുകൊണ്ട് തന്നെ ഡെബിറ്റ് കാർഡ് സേവന, സുരക്ഷ വ്യവസ്ഥകളിലും നിയമങ്ങളിലും റിസർവ് ബാങ്ക് മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്.
2022 ജൂലൈ ഒന്നുമുതൽ വലിയൊരു മാറ്റമാണ് ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് ഉപയോഗത്തിൽ വരാൻ പോകുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതൽ വെബ്‌സൈറ്റുകൾക്ക് നമ്മുടെ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഡാറ്റ സേവ് ചെയ്തു വെക്കാൻ സാധിക്കില്ല. കാർഡ് നമ്പർ, എക്‌സ്പിരി ഡേറ്റ് എന്നിവ പല സൈറ്റുകളും ഭാവിയിൽ പെട്ടെന്ന് ട്രാൻസാക്ഷനുകൾ നടത്താൻ വേണ്ടി സംരക്ഷിച്ചുവെക്കാറുണ്ട്. ഇത് ഡാറ്റ ചോർത്തലിലേക്ക് നയിക്കുമെന്നത് ചൂണ്ടിക്കാട്ടിയാണ് ആർബിഐ നടപടി.
നിയമം നിലവിൽ വന്നാൽ ഒരു ഓൺലൈൻ മെർച്ചന്റ്, പേയ്‌മെന്റ് ഗേറ്റ് വേ സൈറ്റുകൾക്കും കാർഡ് ഡാറ്റ അവരുടെ സെർവറിൽ സേവ് ചെയ്തു വെക്കാൻ സാധിക്കില്ല. പകരമായി വിവരങ്ങൾ ഡിജിറ്റൽ ടോക്കണാക്കി മാറ്റി ഉപയോഗിക്കാനുള്ള ഓപ്ഷൻ ആർബിഐ നൽകുന്നുണ്ട്. ബാങ്കുമായി ബന്ധപ്പെട്ടാൽ തങ്ങളുടെ കാർഡ് വിവരങ്ങൾ എൻക്രിപ്റ്റഡ് ടോക്കണാക്കി മാറ്റാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇത് നിർബന്ധമല്ലെന്നും ആർബിഐ വ്യക്തമാക്കുന്നുണ്ട്. അക്കൗണ്ട് എടുക്കുമ്പോൾ ഉപഭോക്താവ് ഇത്തരത്തിൽ ടോക്കണൈസേഷനുള്ള ഓതറൈസേഷൻ നൽകാത്തതിനാലാണ് ഇത് നിർബന്ധമാക്കാത്തത്. എന്നാൽ ടോക്കണൈസേഷൻ നടത്തിയാൽ സിവിവി അല്ലെങ്കിൽ ഒടിപി ഉപയോഗിച്ച് ട്രാൻസാക്ഷനുകൾ നടത്താൻ സാധിക്കും. ടോക്കണൈസേഷൻ ചെയ്തില്ലെങ്കിൽ കാർഡ് നമ്പർ, എക്‌സ്പിയറി ഡേറ്റ്, സിവിവി, ഒടിപി എന്നിവ നൽകി ട്രാൻസാക്ഷൻ പൂർത്തീകരിക്കാൻ സാധിക്കും.
ടോക്കണെടുത്താൽ മർച്ചെന്റ് കമ്പനികൾക്ക് ഉപഭോക്താവിന്റെ ഐഡന്റിന്റിയോ മറ്റു വിവരങ്ങളോ ലഭ്യമാകില്ല. എല്ലാ സൈറ്റുകളും നിലവിലുള്ള കാർഡ് വിവരങ്ങൾ നീക്കം ചെയ്തു ടോക്കണൈസേഷനിലേക്ക് ഈ മാസം 30 നുള്ളിൽ മാറണമെന്ന് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ത്‌ന്നെ ഈ സാങ്കേതികവിദ്യയിലേക്ക് മാറണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും പിന്നീട് സമയം നീട്ടിനൽകുകയായിരുന്നു.
കാർഡ് ടോക്കണൈസേഷനിലേക്കുള്ള മാറ്റം സൗജന്യമാണെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ടോക്കണൈസേഷനിലേക്ക് മാറണമെങ്കിൽ ഉപഭോക്താവ് ഒടിപി അടക്കമുള്ളവ നൽകി കൺസെന്റ് നൽകണമെന്നും ആർബിഐ നിർദേശമുണ്ട്. ചെക്ക് ബോക്‌സ്, റേഡിയോ ബട്ടൺ എന്നിവ വഴി ഇത് ചെയ്യരുതെന്നും നിർദേശമുണ്ട്.