ഫണ്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂധനന് എതിരെ പൊലീസിൽ പരാതി
പയ്യന്നൂർ∙ ഫണ്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂധനന് എതിരെ പൊലീസിൽ പരാതി. പൊതുജനങ്ങളിൽ നിന്നു പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് പരാതി. മധുസൂധനന് എതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മുസ്ലിം യൂത്ത് ലീഗാണ് പയ്യന്നൂർ ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയത്.
പയ്യന്നൂരിൽ 3 ഫണ്ടുകളിലായി ഒരു കോടിയോളം രൂപയുടെ തിരിമറിയാണ് ആരോപിക്കപ്പെട്ടത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട്, കെട്ടിടനിർമാണ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട് എന്നിവ കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്നാണ് ആരോപണം. ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ധനസമാഹരണത്തിനു വേണ്ടി സിപിഎം നടത്തിയ ചിട്ടിയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നും ഒരു നറുക്കിനു വേണ്ടി പിരിച്ചെടുത്ത തുക പൂർണമായി ചിട്ടിക്കണക്കിൽ പെടുത്തിയില്ലെന്നും ആരോപണമുയർന്നിരുന്നു.