അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ മതവിദ്വേഷ പ്രസംഗ കേസിൽ വീണ്ടും അറസ്റ്റിലായ ജോർജിന് ജാമ്യം

Spread the love

കൊച്ചി: തിരുവനന്തപുരം അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ മതവിദ്വേഷ പ്രസംഗ കേസിൽ വീണ്ടും അറസ്റ്റിലായ ജോർജിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസം​ഗങ്ങളും സമാന കുറ്റവും ആവർത്തിക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. പ്രായവും രോ​ഗാവസ്ഥയും പരി​ഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

പി സി ജോർജ് ജാമ്യവ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ജോർജിനെ‍‍ എങ്ങനെ നിയന്ത്രിക്കും എന്നതാണ് പ്രശ്നമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. കഴിഞ്ഞദിവസം റിമാൻഡിലായ ജോർജ് നിലവിൽ പൂജപ്പുര ജയിലിലാണ്.

ഇന്നലെ ഹരജി പരി​ഗണിച്ച കോടതി സർക്കാരിന്റെ ഭാ​ഗം കൂടി കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ഇന്നത്തേക്ക് മാറ്റിവച്ചത്. കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച ജോർജിന്റെ ജാമ്യം തിരുവനന്തപുരം  ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയതോടെയാണ് കൊച്ചിയിലെത്തി ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ജോർജ്, കഴിഞ്ഞദിവസം രാത്രി തന്നെ ഹൈക്കോടതി രജിസ്ട്രാർ മുഖേന ജാമ്യാപേക്ഷ നൽകുകയായിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ രാത്രി തന്നെ പരി​ഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ജാമ്യവ്യവസ്ഥ ലംഘിച്ച ജോർജിന്റെ ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയും ജോർജ് ഹരജി നൽകിയിട്ടുണ്ട്.

ജാമ്യം റദ്ദായതോടെ അറസ്റ്റിലായ പി സി ജോർജിനെ വഞ്ചിയൂര്‍ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. പി സി ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രസ്താവന ആവർത്തിച്ചത് രണ്ട് മത വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാനും സാമുദായിക സൗഹാർദം തകർക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ്. വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന പരാമർശമാണവ.

മതസൗഹാർദത്തിന് മാതൃകയായ കേരളത്തിൽ ജോർജിന്‍റെ പ്രസ്താവന വർഗീയ സംഘർഷവും വർ​ഗീയ ചേരിതിരിവും ഉണ്ടാക്കും. കോടതിയുടെ ജാമ്യവ്യവസ്ഥയ്ക്ക് വില കൽപ്പിക്കാതിരിക്കുകയും പരസ്യമായി ജാമ്യവ്യവസ്ഥ ലംഘിക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. പി സി ജോർജ് സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *